അങ്കണവാടി ജീവനക്കാരുടെ ധര്‍ണ നാളെ
1581395
Tuesday, August 5, 2025 3:14 AM IST
പത്തനംതിട്ട: അങ്കണവാടി ജീവനക്കാരോടുള്ള നിലപാടുകള്‍ക്കും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങള്‍ക്കുമെതിരേ അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിക്കുമെന്ന് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന് (സിഐടിയു ) ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി നാളെ പത്തനംതിട്ടയില്‍ ജില്ലാ പ്രോഗ്രാം ഓഫീസ് പടിക്കല്‍ ധര്‍ണ നടക്കും. സിഐടിയു ജില്ലാ സെക്രട്ടറി പി. ബി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ ജീവനക്കാര്‍ക്ക് വലിയ മാനസിക സമ്മര്ദ്ദത്തിനിടയാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്രവര്‍ത്തനത്തിന് നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണ്‍ നിലവില്‍ ഉപയോഗപ്രദമല്ല. നല്കിയ ഫോണുകള്‍ മുഴുവന്‍ തകരാറിലായി.നിലവാരമില്ലാത്ത കമ്പനിയുടെ ഫോണാണ് എല്ലാവര്ക്കും ലഭിച്ചത്. ജീവനക്കാര്‍ ഇപ്പോള്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം നടത്തേണ്ടി വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ പദ്ധതികളും ഫോണില്‍ ചെയ്യേണ്ടി വരുന്നു. ഫേസ് റെക്കഗ്നിഷന്‍ സിസ്റ്റം നടപ്പിലാക്കാന്‍ ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങളും അങ്കണവാടികള്‍ക്ക് നല്കാന് തയാറാകണമെന്നും യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം ഇന്‍സെന്റീവ് ആക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, കുട്ടികൾ, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള കേന്ദ്ര ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ യഥാസയം ലഭ്യമാക്കുക, ഫേസ് ക്യാച്ചറിംഗ്, ഇകെവൈസി, പോഷന്‍ ട്രാക്കര്‍ സംവിധാനം എന്നിവയിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ അങ്കണവാടി പ്രവര്‍ത്തകരുടെ മാത്രം പ്രശ്നമാണെന്ന മേലുദ്യോഗസ്ഥരുടെ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും യൂണിയന് ഉന്നയിച്ചു. ജില്ലാ സെക്രട്ടറി എസ്. ശോഭ, പ്രസിഡന്റ് ഗീതാ സുരേന്ദ്രന്, വൈസ് പ്രസിഡന്റ് പി. എസ്. ഷേര്‍ലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.