സ്കൂൾ ഉച്ചഭക്ഷണ മെനു ഉഷാർ : ബാധ്യത ഏറും
1581154
Monday, August 4, 2025 3:55 AM IST
പത്തനംതിട്ട: മുട്ട ബിരിയാണിയും ചിക്കൻ കറിയും ഒക്കെയുമായി സ്കൂൾ ഉച്ചഭക്ഷണ മെനു ഉഷാർ. വെള്ളിയാഴ്ച മുതൽ മെനു അനുസരിച്ചുള്ള ഭക്ഷണം വിളന്പിയതായി പ്രഥമാധ്യാപകർ പറയുന്പോഴും ആശങ്ക ബാക്കി.
സ്കൂളുകളിൽ ബിരിയാണിക്കൊപ്പം ചിക്കൻ കറിയും സലാഡും അച്ചാറുമൊക്കെ വിളമ്പിയായിരുന്നു തുടക്കം. ഫ്രൈഡ് റൈസും നാരങ്ങാച്ചോറും തുടങ്ങിയവ ഉൾപ്പെടുത്തിയാണ് മെനു. ആദ്യം പുറത്തിറക്കിയ മെനുവിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണം വിളന്പിത്തുടങ്ങിയെങ്കിലും ആശങ്ക ഏറെയാണ്. നിലവിൽ ഏറെ ബാധ്യതയുള്ള ഉച്ചഭക്ഷണ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ ബാധ്യതയിലേക്ക് നീങ്ങുമെന്ന് പ്രഥമാധ്യാപകർ ആശങ്കപ്പെടുന്നു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ട് വർധിപ്പിക്കാതെയാണ് സർക്കാർ മെനു പരിഷ്കരണം നടത്തിയത്. ഇതിനൊപ്പം പൊതുവിപണിയിൽ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു.
ഫ്രൈഡ് റൈസും മുട്ട ബിരിയാണിയും ഒക്കെ കഴിക്കുന്ന പ്രൈമറി ക്ലാസുകളിൽ കുട്ടി ഒന്നിന് 6.78 രൂപയും യുപി, ഹൈസ്കൂൾ ക്ലാസുകളിൽ 10.17 രൂപയുമാണ് ലഭിക്കുന്നത്. കുട്ടികളുടെ എണ്ണം അനുസരിച്ച് നിരക്കിൽ ചില വ്യതിയാനങ്ങളും വരാം.
മുട്ടയ്ക്ക് ആറു രൂപയും പാൽ ലിറ്ററിന് 52 രൂപയും കണക്കാക്കി കഴിഞ്ഞ വർഷം മുതൽ പ്രത്യേകമായി നൽകുന്നുണ്ട്. നേരത്തേ എല്ലാംകൂടി എട്ട് രൂപവരെ നൽകിയിരുന്ന സ്ഥാനത്താണ് തുക പരിഷ്കരിച്ചത്. പുതിയ കണക്കിൽ ഒരു മുട്ടയുടെ നിരക്കിൽ മുട്ട ബിരിയാണി തയാറാക്കാനാണ് നിർദേശം. സർക്കാർ ഉത്തരവും വിലയും തമ്മിൽ പൊരുത്തപ്പെടില്ലെന്ന് വ്യക്തമാണെങ്കിലും പൊതുജന പങ്കാളിത്തം തേടാനാണ് സർക്കാർ നിർദേശം.
പൊതുവിപണിവില പരിഗണിക്കുന്നില്ല
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം ഏറെക്കാലത്തിനുശേഷം കഴിഞ്ഞവർഷമാണ് നാമമാത്ര വർധന വരുത്തിയത്. ഇതാകട്ടെ അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിനെതിരേ പരാമർശമുണ്ടായ പശ്ചാത്തലത്തിലാണ്. വർധിപ്പിച്ച വിഹിതം ഇക്കൊല്ലമാണ് പ്രാബല്യത്തിലായത്.
ഇപ്പോൾ മെനു പരിഷ്കരണത്തിലൂടെ പ്രഥമാധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. പിടിഎയുടെയും പൊതുജന പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പക്ഷം.
നേരത്തേ പ്രധാനാധ്യാപകർക്ക് അഡ്വാൻസായി നൽകിയിരുന്ന തുക, പിന്നീട് ചെലവ് എഴുതി നൽകുന്പോൾ നൽകിയൽ മതിയെന്നായി. പിന്നീട് ഇത് മാസങ്ങൾ കഴിഞ്ഞു ലഭിക്കുന്ന രീതിയിലേക്ക് മാറി.
മതിയായ ഫണ്ട് ലഭിക്കാതെയും പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങൾ വൈകി ലഭിക്കുന്നതിന്റെ കടബാധ്യതയും മൂലം പ്രധാന അധ്യാപകർ നിരാശയിലായി. പാചക തൊഴിലാളികളുടെ ശന്പളവും കൃത്യമായി നൽകാതായതോടെ അവരും പട്ടിണിയിലായി. സ്കൂൾ ഉച്ചഭക്ഷണത്തുകയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാനത്തിന്റേതുമാണ്.
കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താലാണ് സംസ്ഥാന സർക്കാർ പണം നൽകാതിരുന്നത്. കേന്ദ്രത്തിന് കൃത്യമായ കണക്കുകൾ സംസ്ഥാനം നൽകാത്തതുകൊണ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാൻ തടസം ഉണ്ടായതെന്ന് കേന്ദ്രസർക്കാരും ന്യായീകരിച്ചുവരികയാണ്.
പൊതുവിപണിയിൽ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തിന്റെ പ്രത്യാഘാതവും പ്രഥമാധ്യാപകരാണ് സഹിക്കേണ്ടത്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 490 രൂപയാണ് വില. തേങ്ങക്ക് 100 രൂപ. ഉച്ചഭക്ഷണത്തിനുള്ള അരി സിവിൽ സപ്ലൈസ് കോർപറേഷൻ സൗജന്യമായി നൽകും.
ഇനി ബിരിയാണി അരി വേണമെങ്കിൽ പ്രഥമാധ്യാപകൻ പണം കൊടുത്തു വാങ്ങണം. പാചകക്കൂലിയും സർക്കാരാണ് നല്കുന്നത്. പാചകവാതകത്തിന്റെ വില പ്രഥമാധ്യാപകന്റെ വിഹിതക്കണക്കിൽപ്പെടും.