സിദ്ധനർ സർവീസ് സൊസൈറ്റിയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമമെന്ന്
1581156
Monday, August 4, 2025 3:55 AM IST
പത്തനംതിട്ട: സിദ്ധനർ സർവീസ് സൊസൈറ്റിയുടെ സ്ഥാവരജംഗമ വസ്തുക്കൾ തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഘടനയിൽനിന്നു പുറത്താക്കപ്പെട്ട ചില മുൻ ഭാരവാഹികളാണ് ഇതിനു പിന്നിൽ. പഴയ ഭരണ സമിതിയെ പിരിച്ചുവിട്ടതിനെത്തുടർന്ന് അഡ്ഹോക്ക് കമ്മിറ്റിക്കാണ് നിലവിൽ ചുമതല.
ഹൈക്കോടതി കമ്മീഷനെ നിയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. ഇതിനിടെ ചില മുൻഭാരവാഹികൾ ചേർന്ന് സംഘടനയുടെ പേരിൽ സമ്മേളനങ്ങൾ നടത്തുകയും സ്ഥാപനങ്ങളിലും വസ്തുവകകളിലും കൈകടത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.
സംഘടനയുടെ ചുമതലയിൽ ശൂരനാട് നടുവിലെമുറിയിൽ പ്രവർത്തിക്കുന്ന ടികെഡിഎം യുപി സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടും ഇവരുടെ പേരിൽ അഴിമതി ആരോപണവും നിലനിൽക്കുന്നുണ്ട്. സ്കൂൾ മാനേജർ സ്ഥാനം വ്യാജരേഖ ചമച്ചും വിദ്യാഭ്യാസ വകുപ്പിലെ ചിലരെ സ്വാധീനിച്ചും കൈവശപ്പെടുത്തിയാണ് പണം വാങ്ങി സ്കൂളിൽ നിയമനം നടന്നത്.
ഇതുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജരെ പിരിച്ചുവിട്ടു. സർക്കാർ നടപടിക്കുശേഷം ഇല്ലാത്ത തസ്തികയുടെ പേരിൽ പണം വാങ്ങി ആളെ നിയമിച്ചതു സംബന്ധിച്ചു പോലീസ് കേസും നിലവിലുണ്ട്. സ്കൂൾ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണെന്നും അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി കൺവീനർ വാളത്തുംഗൽ രഘു, ചെയർമാൻ കരുനാഗപ്പള്ളി രാഘവൻ, ജോയിന്റ് കൺവീനർ മനോഹരൻ മൈലവിള, സി.വി. മധു, പുഷ്പലാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.