ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച ഭർത്താവ് അറസ്റ്റിൽ
1581153
Monday, August 4, 2025 3:55 AM IST
ആറന്മുള: കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച ഭർത്താവ് അറസ്റ്റിൽ. ആറന്മുള തെക്കേമല തോലൂപ്പറമ്പിൽ രാജേഷ് കുമാറാണ് (37) പിടിയിലായത്.
ജൂലൈ 31നു രാത്രി 8.30ന് യുവതി ജോലിചെയ്യുന്ന കോഴഞ്ചേരിയിലെ മെഡിക്കൽ സെന്ററിൽ പെട്രോൾ നിറച്ച കുപ്പിയുമായി കയറി അസഭ്യം വിളിച്ചുകൊണ്ട് ദേഹത്ത് പെട്രോൾ ഒഴിക്കാൻ തുനിഞ്ഞു. പരിഭ്രാന്തയായ യുവതി രക്ഷപ്പെടാനായി പുറത്തേക്ക് ഓടിയപ്പോൾ നിന്നെ കൊന്നിട്ട് ഞാനും ചാവും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പെട്രോൾ ഭാര്യയുടെ ദേഹത്തേക്കൊഴിച്ചു.
തുടർന്ന് ലൈറ്റർ എടുത്ത് കത്തിക്കാൻ ശ്രമിച്ചപ്പോൾ യുവതിയുടെ കൂടെ ജോലി ചെയ്യുന്നയാൾ കൈകൊണ്ട് തട്ടിമാറ്റി.
യുവതിയുടെ മൊഴി അടിസ്ഥാനമാക്കി ആറന്മുള പോലീസ് കേസെടുത്തു. എസ്ഐ കെ.ആർ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോൾ അടങ്ങിയ കുപ്പി പോലീസ് കണ്ടെടുത്തു.