കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ വീട്ടിലേക്ക് പുലി ഓടിക്കയറി
1581398
Tuesday, August 5, 2025 3:14 AM IST
കലഞ്ഞൂർ: പുമരുതിക്കുഴിയില് പട്ടാപ്പകല്‍ പുലി വീട്ടിലേക്ക് ഓടിക്കയറി. വളര്‍ത്തുനായയെ പിന്തുടര്ന്നാണ് പൊന്മേലില് രേഷ്മയുടെ വീട്ടിലേക്ക് പുലി ഓടിക്കയറിയത്.
രേഷ്മയും പിഞ്ചുകുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുറന്നു കിടന്ന വാതിലിലൂടെ നായയെ പിന്തുടര്ന്ന് അകത്തേക്ക് ഓടിക്കയറിയ പുലിയെ കണ്ട് രേഷ്മ ഞെട്ടിവിളിച്ചു.
പിന്നീട് നായയുടെ പിന്നാലെ പുലി തിരികെ ഓടിയതായി രേഷ്മ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കോന്നി പാടം വനമേഖലയില്‍ നിന്നാണ് പുലി എത്തിയതെന്ന് കരുതുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. കലഞ്ഞൂര്‍ പാക്കണ്ടത്ത് പുലി വളര്‍ത്തു നായയെ പിടിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കലഞ്ഞൂരില്‍ കൂട് സ്ഥാപിച്ചു പുലിയെ പിടികൂടുമെന്ന് വനപാലകര്‍ അറിയിച്ചു.
നേരത്തേ കലഞ്ഞൂര്‍ പാടം മേഖലയില്‍ ആന ഇറങ്ങുക പതിവായിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് നേരേ വലിയ ശല്യം ഉണ്ടായിട്ടില്ല. പന്നി, മുള്ളന്‍ പന്നി തുടങ്ങിയവയുടെ ശല്യം എല്ലായിടത്തേതും പോലെ ഇവിടെയുമുണ്ട്.
പക്ഷേ വന്യമൃഗമായ പുലിയുടെ സാന്നിധ്യം സമീപ കാലത്താണ് ഉണ്ടായത്. ഇപ്പോള്‍ വീടിനുള്ളിലേക്കു പോലും പുലി എത്തിയ സ്ഥിതിക്ക് ഇത്തരത്തിലുള്ള സംഭവം ഇനി ആവര്‍ത്തിക്കാനാണ് സാധ്യത.