യുവതി കുത്തേറ്റു മരിച്ചു; ഭർത്താവ് ഒളിവിൽ
1581152
Monday, August 4, 2025 3:55 AM IST
പുല്ലാട്: വീട്ടുവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു; ഭർത്താവ് ഒളിവിൽ. യുവതിയുടെ അച്ഛനും ബന്ധുവിനും പരിക്ക്. പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളാണ് (ശ്യാമ - 35) കുത്തേറ്റു മരിച്ചത്.
വീട്ടുവഴക്കിനിടെ മദ്യലഹരിയിലായിരുന്ന ഭർത്താവ് അജികുമാർ ശാരിമോളെ കുത്തിവീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് ഒഴിവാക്കാന്‍ ശ്രമിച്ച ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശാരിമോളെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ശശിയും രാധാമണിയും അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാധാമണി സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണ് താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും മറ്റും കേട്ട് ഓടിയെത്തുകയായിരുന്നു ഇവര്‍. മരണപ്പെട്ട ശാരിമോള്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ്. മക്കൾ: ആവണി, വേണി, ശ്രാവണി.
വെല്‍ഡറായി ജോലി ചെയ്യുന്ന ശാരിമോളുടെ ഭര്‍ത്താവ് അജി (38) കവിയൂർ സ്വദേശിയാണ്. ലഹരിക്കടിമയായ ഇയാളുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും അജിയെ പിടികൂടാന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് പ്രതി ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് സംഭവസ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകളെടുത്തു. ഭര്‍ത്താവ് അജികുമാറില്‍ നിന്നും ശാരിമോള്‍ക്ക് മര്‍ദനമേല്‍ക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രൈമറി, എൽകെജി ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്.
photo:
പുല്ലാട്ട് കൊലപാതകം നടന്ന വീട്ടിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തുന്നു.