മരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്: പുതുശേരി
1581397
Tuesday, August 5, 2025 3:14 AM IST
റാന്നി: വി. ടി. ഷിജോയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി.
സിസ്റ്റം തകരാറിലെന്നു സര്‍ക്കാര്‍ സമ്മതിക്കുമ്പോള്‍ ഒരു ജീവന് കൂടി നഷ്ടമായിരിക്കുന്നു. 13 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയുടെ ശമ്പളം കിട്ടാത്തതിനു പുറമേ ഷിജോ ജോലി ചെയ്യുന്ന വിഎഫ്പിസികെ യില്‍ കഴിഞ്ഞ മൂന്നു മാസങ്ങളായി ശന്പളം മുടങ്ങിയതും കാരണമായിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്കാൻ ഹൈക്കോടതി ഡിവിഷന് ബഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും അതു നടപ്പാക്കാതെ വിദ്യാഭ്യാസ ഓഫീസ് ഇവരെ പരിഹസിക്കുകയായിരുന്നു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ കാലാവധി പിന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും അതിന്മേല് അട ഇരിക്കുന്നവര്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പ്രകടമാക്കുന്നത്. ഇത്തരക്കാരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തില്‍നിന്നു സാധാരണക്കാരനു നീതി ലഭിക്കില്ലെന്നു പുതുശേരി പറഞ്ഞു. ഒരു ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കര്‍ശന നടപടിക്കു തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി, ജോര്‍ജ് ജോസഫ്, അലക്സ് അറയ്ക്കമണ്ണില്‍ എന്നിവരോടൊപ്പം പുതുശേരി നാറാണംമൂഴിയിലെ ഷിജോയുടെ വീട് സന്ദര്‍ശിച്ചു.