യുവാവിനെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
1581162
Monday, August 4, 2025 4:00 AM IST
പത്തനംതിട്ട: സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്ത മോട്ടോര്‍ സൈക്കിള്‍ തിരികെ എടുത്തു കൊണ്ടു പോയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിന് സംഘം ചേര്‍ന്ന് മര്‍ദനം. സംഭവത്തില്‍ സഹോദരങ്ങളടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവണ്ണംമൂട് മെഴുവേലി മുളന്തടത്തില്‍ വീട്ടില്‍ എം എം മനുവിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മെഴുവേലി കാരിത്തോട്ട രാത്രക്കോട്ട് പി. സനല്‍ കുമാര്‍(38), ഇയാളുടെ സഹോദരന് പി.സജിത് കുമാര്‍ (34), റാന്നി പഴവങ്ങാടി പതാലില്‍ കോളനിയില്‍ വി.എസ്.ശരത് (25), ചെങ്ങന്നൂര്‍ ആല തോട്ടങ്കര പ്രൊവിഡന്‍സ് കോളജിന് സമീപം കിഴക്കേ പുതുക്കേരില്‍ വീട്ടില്‍ പി.എസ്.സുനില്‍കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
സനല്‍കുമാറിന്റെ ഉപയോഗത്തിലിരുന്ന മനുവിന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഇയാള്‍ തിരികെ എടുത്തുകൊണ്ടു പോയതാണ് കേസിനാസ്പദമായ സംഭവം. കൂടാതെ മനുവിന്റെ ഒന്നേമുക്കാല്‍ പവന് വരുന്ന മാലയും മൊബൈല്‍ ഫോണും 4800 രൂപയും നഷ്ടപ്പെട്ടെന്നും പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇലവുംതിട്ട പോലീസ് എസ്ഐ സി. ഉണ്ണികൃഷ്ണനാണ് കേസ് അന്വേഷണച്ചുമതല.