കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
1581401
Tuesday, August 5, 2025 3:15 AM IST
പത്തനംതിട്ട: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി-ആനത്തോട് സംഭരണിയുടെ നാല് ഷട്ടറുകള്‍ ഇന്നു രാവിലെ 11 മുതല്‍ തുറക്കും.
ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍ പരമാവധി 100 ക്യുമെക്സ് തോതില്‍ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കും. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തും.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.