ഫയലുകള്‍ നീങ്ങില്ല സാറേ; ഇതാണ് നമ്മുടെ സിസ്റ്റം
1581402
Tuesday, August 5, 2025 3:15 AM IST
പൊതുവിദ്യാഭ്യാസ വകുപ്പിനു മാനക്കേടായി ആത്മഹത്യ
പത്തനംതിട്ട: 13 വര്‍ഷമായി ജോലി ചെയ്ത ഒരു അധ്യാപികയുടെ ശമ്പളബിൽ പാസാക്കി നല്കാന് മടിച്ച വിദ്യാഭ്യാസ വകുപ്പിന്റെ മുഖത്തേറ്റ അടി പോലെ ഒരു ആത്മഹത്യ. റാന്നി ഉപജില്ലയിലെ നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ യുപിഎസ്ടി ലേഖയുടെ ഭര്‍ത്താവ് ഷിജോയുടെ മരണത്തോടെ തങ്ങളുടെ ഉദ്യോഗസ്ഥര്ക്കെതിരേ അക്കമിട്ടു നിരത്തിയ ആരോപണങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തിറങ്ങി.
സ്വന്തം വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മുമ്പു നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ വന്നതാണ് ഷിജോയുടെ ആത്മഹത്യയ്ക്കു കാരണമെന്നു വിലയിരുത്തിയ വിദ്യാഭ്യാസവകുപ്പ് തെറ്റ് സമ്മതിച്ചു കൊണ്ടാണ് പത്തനംതിട്ട ഡിഇഒയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
സ്കൂള്‍ പ്രഥമാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനും നിര്‍ദേശം നല്കി. തേവലക്കരയില്‍ സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച മാനക്കേട് മായുംമുമ്പാണ് നാറാണംമൂഴിയില്‍ സിപിഎം അനുഭാവികള്‍ കൂടിയായ ഒരു കുടുംബത്തിന്റെ തീരാവേദനയ്ക്കു വിദ്യാഭ്യാസ മന്ത്രിക്കും ഉത്തരം പറയേണ്ടിവരുന്നത്.
ലേഖയുടെ നിയമന വഴിയിലെ കുരുക്കുകൾ
2012ല്‍ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളില്‍ ഉണ്ടായ ഒരു ഒഴിവിലാണ് ലേഖ രവീന്ദ്രന്റെ നിയമനം. നേരത്തേ ഈ സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകന് ഡിവിഷന് ഫോള്‍ ഭയന്ന് ജോലി രാജിവയ്ക്കാന്‍ സന്നദ്ധനാകുകയും രാജിക്കത്ത് മാനേജ്മെന്റിനു നല്‍കുകയും ചെയ്തു. ഈ ഒഴിവില്‍ യുപി വിഭാഗം അധ്യാപികയായി ലേഖ ജോലിയില്‍ പ്രവേശിച്ചു.
ലേഖയുടെ നിയമനാംഗീകാരം ലഭിക്കുന്നതിനായി നടപടി നടന്നുവരവേയാണ് നേരത്തേ രാജിക്കത്ത് നല്കിയ അധ്യാപകന് തിരികെ തടസവാദം ഉന്നയിച്ചത്. തന്റെ രാജി വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ലെന്നു മനസിലാക്കിയ ഇദ്ദേഹം തിരികെ നിയമനം നല്‍കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
പ്രതിസന്ധിയുടെ രൂക്ഷത പങ്കുവച്ച് ഷിജോ
റാന്നി: താന്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഷിജോ പലരോടും പങ്കുവച്ചിരുന്നു. ബന്ധുക്കള്‍ക്കും ഇത് അറിയാമായിരുന്നു. മകന് ഈറോഡിലെ എന്‍ജിനിയറിംഗ് കോളജില്‍ അഡ്മിഷന് ലഭിച്ചിരുന്നു.
പണം ഇല്ലാത്തതു കാരണം മകന്റെ പഠനം മുടങ്ങുമോയെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യയുടെ ശമ്പളത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ചയും അദേഹം പത്തനംതിട്ട ഡിഇ ഓഫീസില്‍ പോയിരുന്നു. രാഷ്ട്രീയ സ്വാധീനം അടക്കം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. സ്കൂള്‍ മാനേജരെയും കൂട്ടി പലതവണ ഓഫീസില്‍ പോയി. എന്നാല്‍, ശമ്പള ബിൽ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.
എന്നാല്‍, ഷിജോ ജീവനൊടുക്കുമെന്നു ബന്ധുക്കളും കരുതിയില്ല. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് കാണാതായത്. പിന്നീടു നടന്ന അന്വേഷണത്തിലാണ് വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷിവകുപ്പിനു കീഴിലുള്ള വിഎഫപിസികെയില് ഫീല്‍ഡ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ഷിജോയ്ക്കും മാസങ്ങളായി ശമ്പളം കുടിശികയാണ്. രണ്ടു മാസത്തെ കുടിശിക നിലനില്‍ക്കേ ഇന്നലെ 15 ദിവസത്തെ ശമ്പളം ഷിജോയുടെ അക്കൗണ്ടിലെത്തിയതായി ബന്ധുക്കള്‍ പറയുന്നു.
രണ്ടു മാസമായി ഡിഇഒ ഇല്ല; കെടുകാര്യസ്ഥതയില്‍ ഓഫീസ്
പത്തനംതിട്ട: വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ രണ്ടുമാസമായി ഓഫീസര്‍ തസ്തികയില്‍ ആളില്ല. മേയ് 31ന് ഡിഇഒ വിരമിച്ചതിനു ശേഷം പകരം ആളെ നിയമിച്ചിട്ടില്ല. പത്തനംതിട്ട എഇഒയ്ക്കാണ് ചുമതല. ഭരണനിര്‍വഹണം പിഎയാണ് നിര്‍വഹിച്ചു വന്നത്. നൂറിലധികം സ്കൂളുകള്‍ പത്തനംതിട്ട ഡിഇഒയുടെ കീഴിലുണ്ട്. ഗവി വരെയുള്ള സ്കൂളുകള്‍ പത്തനംതിട്ടയുടെ കീഴിലാണ്.
അധികാരപരിധി വിപുലമാണെങ്കിലും കെടുകാര്യസ്ഥതയ്ക്കു പേരുകേട്ട ഓഫീസാണിതെന്ന് അധ്യാപക സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി. ഓഫീസുമായി ബന്ധപ്പെട്ട അധ്യാപകരുടെ പ്രമോഷന് ഗ്രേഡ്, നിയമനാംഗീകാരം തുടങ്ങിയ ഫയലുകള്‍ നീങ്ങാറില്ലെന്നാണ് പരാതി. നിരവധി പരാതികളാണ് ഓഫീസിനെതിരേ ഇതിനോടകം വിജിലന്‍സിനു ലഭിച്ചിട്ടുള്ളത്.
നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ യുപിഎസ്ടി ലേഖ രവീന്ദ്രന്റെ ശമ്പളം പാസാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിന്റെ കെടുകാര്യസ്ഥത പ്രാഥമികാന്വേഷഷണത്തില് തന്നെ വിദ്യാഭ്യാസ വകുപ്പിനു ബോധ്യപ്പെട്ടു.
ഫയൽ നീങ്ങാതെ
യുപിഎസ്ടി തസ്തികയിലേക്ക് നാറാണംമൂഴി സ്കൂള്‍ മാനേജ്മെന്റ് 2014ല്‍ ലേഖ രവീന്ദ്രനെ നിയമിച്ചത് ഹൈക്കോടതി 2024 നവംബര്‍ 26ന് അംഗീകരിച്ച് ഉത്തരവിടുകയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൂന്ന് മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ പത്തനംതിട്ട ഡിഇഒയ്ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
2025 ജനുവരി 17ന് സര്‍ക്കാര്‍ ഇതിനായി നിര്‍ദേശവും നല്കി. എന്നാല്‍, ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റു തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീര്‍പ്പാക്കുകയും സ്പാര്‍ക്ക് ഓഥന്റിക്കേഷന് സ്കൂള്‍ പ്രഥമാധ്യാപിക നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിച്ചതിലും ഡിഇഒ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചുവെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്.
രാജി, പിൻവലിക്കൽ
അധ്യാപകന്റെ രാജി വിദ്യാഭ്യാസ വകുപ്പിനു നല്കി അംഗീകാരം വാങ്ങുന്നതില്‍ മാനേജ്മെന്റിനുണ്ടായ വീഴ്ചയാണ് തര്‍ക്കത്തിനു കാരണമായത്. എന്നാല്‍, പിഎഫ് നടപടികള്‍ അധ്യാപകന് അവസാനിപ്പിച്ചത് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുകയും രാജി കാരണമാണ് ഇതെന്നു സമര്‍ഥിക്കുകയും ചെയ്തു.
വിഷയം വിവാദമായതോടെ അധ്യാപകനു സംരക്ഷണം നല്കി ബിആര്സിയിലേക്കു സര്‍ക്കാര്‍ നിയമനവും നല്കി. ശമ്പളം ലഭിക്കാതെ ഇക്കാലയളവിൽ ലേഖ സ്കൂളില്‍ ജോലി ചെയ്തുവന്നു. വിഷയം നിയമകുരുക്കിലായതോടെ മാനേജ്മെന്റിന്റെ പിന്തുണയില്‍ ലേഖയും ഭര്‍ത്താവ് ഷിജോയും കോടതിയെ സമീപിച്ചു.
വിധി വന്നിട്ടും
2024 നവംബര്‍ 26ന് കേരള ഹൈക്കോടതി അന്തിമ ഉത്തരവ് നല്കി. ലേഖയുടെ നിയമനം അംഗീകരിച്ച് മൂന്നു മാസത്തിനുള്ളില്‍ ഇതേവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായിരുന്നു വിധി. ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ചപ്പോള്‍ ജനുവരി മുതലുള്ള രണ്ടു മാസത്തേത് പാസാക്കി നല്കി. 2012ല്‍ ജോലിയില്‍ പ്രവേശിച്ച സമയത്തെ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് ഇതു പാസാക്കിയത്.
12 വര്‍ഷത്തെ കുടിശിക തുക പ്രത്യേകമായി ഒരാളെ നിയമിച്ച് കഴിഞ്ഞ ജനുവരിയില്‍ എഴുതി നല്കി. പിന്നീട് ഇക്കാര്യം ഉന്നയിച്ച് പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.