പുലി എത്തിയില്ല; കൂട് തിരികെയെടുക്കും
1581151
Monday, August 4, 2025 3:55 AM IST
റാന്നി: വെച്ചൂച്ചിറ താന്നിക്കപ്പുഴയ്ക്കു സമീപം നെല്ലിശേരിപ്പാറ എക്സ് സർവീസ്മെൻ റബർ എസ്റ്റേറ്റിൽ പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട് തിരികെയെടുക്കും. പുലിയുടെ സാന്നിധ്യം കണ്ട പ്രദേശത്ത് രണ്ടാഴ്ച മുന്പാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
താന്നിക്കപ്പുഴയിൽ കൂട് സ്ഥാപിച്ചു കാത്തിരിക്കുന്നതിനിടെ പമ്പാനദിയുടെ തീരത്തുകൂടി പുലിയെന്നു തോന്നിക്കുന്ന ജീവി പോകുന്നതു വനം വകുപ്പ് പട്രോളിംഗ് സംഘം കണ്ടിരുന്നതായി റാന്നി റേഞ്ച് ഓഫീസർ ബി.ആർ. ജയൻ വെളിപ്പെടുത്തി. ഇതേത്തുടർന്ന് നിരീക്ഷണം തുടർന്നെങ്കിലും കൂടിന്റെ പരിസരങ്ങളിലെങ്ങും പിന്നീട് പുലിയെയൊ കാട്ടു മൃഗങ്ങളെയോ കണ്ടിട്ടില്ല. കൂടിനു സമീപം സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ പുലിയെ കെണിയിൽപ്പെടുത്താൻ വച്ചിരുന്ന കൂട് തിരിച്ചുനൽകേണ്ട സ്ഥിതിയിലാണ് റാന്നി വനം റേഞ്ച് ഉദ്യോഗസ്ഥർ. പുലിയെ ആകർഷിക്കാൻ കൂട്ടിൽ ഒരു വളർത്തുനായയെ ഇട്ടിരുന്നു. പുലിയുടെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമായതോടെ നായയെ കഴിഞ്ഞ ദിവസം കൂട്ടിൽനിന്നു മാറ്റി ഉടമയെ ഏൽപിച്ചു.
അതേസമയം താന്നിക്കപ്പുഴയിൽ കണ്ടത് കടുവയാണോ പുലിയാണോ എന്നത് ഇനിയും ഉറപ്പായിട്ടില്ല. ഇതേ സ്ഥലത്ത് റബർ ടാപ്പിംഗ് നടത്തുമ്പോഴാണ് രണ്ടാഴ്ച മുമ്പ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി അറിയിച്ചത്. പുലി ആണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സ്ഥലം പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കാൽപ്പാടുകൾ ബോധ്യപ്പെട്ടതോടെയാണ് കൂട് സ്ഥാപിച്ചത്.
കാമറ സ്ഥാപിച്ചും നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പ്രദേശത്തു വന്യജീവി സാന്നിധ്യം ഇല്ലെന്ന് ഉറപ്പായശേഷമേ കൂട് തിരികെ എടുക്കുകയുള്ളൂവെന്ന് വനം റേഞ്ച് ഓഫീസർ അറിയിച്ചു.