അമ്പലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുന്നില്ല
1300588
Tuesday, June 6, 2023 10:43 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ കെഎസ് ആർടിസി ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുന്നില്ലെന്ന് ആഷേപം. കച്ചേരി മുക്കിലെ സ്റ്റോപ്പിലാണ് ദീർഘദൂര ബസുകൾ നിർത്തുന്നില്ലെന്ന ആക്ഷേപം ഉയരുന്നത്.
തോട്ടപ്പള്ളി മുതൽ വണ്ടാനം വരെയുള്ള ദീർഘദൂര യാത്രക്കാരും കൂടാതെ തെട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരും ഈ സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര ബസുകൾ പലതും ഇപ്പോൾ നിർത്താത്ത സ്ഥിതിയായി മാറി. നിർത്തുന്ന ബസുകളാകട്ടെ സ്റ്റാൻഡിൽനിന്ന് വളരെ ദൂരെ മാറിയാണ് നിർത്താറ്.
യാത്രക്കാർ ഓടി എത്തുമ്പോഴെക്കും വണ്ടി വിട്ടുപോയിരിക്കും. നേരത്തെ ഇവിടെ ഒരു സ്റ്റേഷൻ മാസ്റ്റർ ഉണ്ടായിരുന്നു. ഇപ്പോൾ ഇതും കാണാനില്ല. അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.