വിദേശ ടൂര്‍ പാക്കേജിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ട്രാവല്‍ ഏജന്‍സിയുടമ പിടിയില്‍
1299091
Wednesday, May 31, 2023 11:55 PM IST
കുമരകം: തായ്ലൻഡിലേക്ക് ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്തു കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂര്‍ കോട്ടായി പുളിനെല്ലി ഭാഗത്ത് പുളിയന്‍കാട് പി.കെ. ബ്രിജേഷി (അഖില്‍-42) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സ്വദേശിയായ യുവാവും സംഘവും കഴിഞ്ഞമാസം തായ്ലൻഡിലേക്ക് ടൂര്‍ പോകുന്നതിനായി ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന്റെ സ്ഥാപനമായ ട്രാവല്‍ കെയര്‍ ഏജന്‍സിയെ സമീപിക്കുകയായിരുന്നു. ബ്രിജേഷ് തായ്ലന്ഡ് ടൂര്‍ പാക്കേജ് നല്‍കാമെന്നും ഇതിനായി 2,51,400 രൂപ അടയ്ക്കാനാവശ്യപ്പെട്ടതിനെത്തുടർന്ന് അവര്‍ പണം അടയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്ന് തായ്ലന്ഡില് എത്തിയ ഇവര്‍ക്ക് ഇയാള്‍ വാഗ്ദാനം ചെയ്ത ടൂര്‍ പാക്കേജില്‍ പറഞ്ഞ പ്രോഗ്രാമുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ അവിടുത്തെ ഏജന്‍സിയെ സമീപിച്ചപ്പോൾ ബ്രിജേഷ് അവിടെ പണം അടച്ചിട്ടില്ലെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്നു മനസിലാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യാത്രാസംഘം വീണ്ടും കൈയ്യില്‍നിന്നും അവിടുത്തെ ഏജന്‍സിയില്‍ പണമടച്ച് നാട്ടിലെത്തുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ മാരാരിക്കുളത്തുനിന്ന് പിടികൂടുകയുമായിരുന്നു.