തോടനാലിലും പുലിയന്നൂരിലും ഇന്‍ഡോര്‍ ബാഡ്മിന്റൺ കോര്‍ട്ടുകള്‍
1396503
Thursday, February 29, 2024 11:26 PM IST
പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലായി രണ്ട് ഇന്‍ഡോര്‍ ബാഡ്മിന്റൺ കോര്‍ട്ടുകള്‍ യാഥാര്‍ഥ്യമാകുന്നു.
തോടനാലില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തുവക സ്ഥലത്ത് അന്തര്‍ദേശീയ നിലവാരമുള്ള ഇന്‍ഡോര്‍ ബാഡ്മിന്റൺ കോര്‍ട്ട് പൂര്‍ത്തീകരിച്ചത്. കോര്‍ട്ടില്‍ നൂറ് പേര്‍ക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ബാഡ്മിന്റൺ വേള്‍ഡ് ഫെഡറേഷന് അംഗീകരിച്ചിട്ടുള്ള പിവിസി വിനയല്‍ മാറ്റാണ് കോര്‍ട്ടില്‍ വിരിച്ചിട്ടുള്ളത്.കളിക്കാര്‍ക്കുള്ള വിശ്രമസ്ഥലവും ശുചിമുറികളും ഇതിനോടനുബന്ധിച്ചു നിര്‍മിച്ചിട്ടുണ്ട്. കൊഴുവനാല്‍ പഞ്ചായത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ കോര്‍ട്ട് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
പുലിയന്നൂര്‍ ഗവ. എല്‍പി സ്കൂള്‍ കോമ്പൗണ്ടിലാണ് മുത്തോലി പഞ്ചായത്തിലെ ഇന്‍ഡോര്‍ ബാഡ്മിന്റൺ കോര്‍ട്ട്. ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് കോർട്ട് പൂര്‍ത്തീകരിക്കുന്നത്.