11 വർഷത്തിനുശേഷവും തെളിവ് ഹാജരാക്കാനായില്ല; അധ്യാപകനെ കുറ്റവിമുക്തനാക്കി
1396890
Saturday, March 2, 2024 6:42 AM IST
ഏറ്റുമാനൂർ: ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെതിരേ 11 വർഷത്തിനുശേഷവും തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെ കോടതി അധ്യാപകനെ കുറ്റവിമുക്തനാക്കി. അറസ്റ്റിലേക്കു നയിച്ച വിദ്യാഭ്യാസ വകുപ്പിനും പോലീസിനുമെതിരേ നഷ്ടപരിഹാരത്തിനു നടപടി സ്വീകരിക്കാനൊരുങ്ങി അധ്യാപകൻ.
അധ്യാപകനും മജീഷ്യനുമായ വെട്ടിമുകൾ സ്വദേശി അജി കെ. സെബാസ്റ്റ്യനെയാണ് കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. കോട്ടയം ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് അജിയുടെ അറസ്റ്റിലും കേസിലും കലാശിച്ചത്.
കോട്ടയം ഡിഡിഇ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ ഫോണിൽ ശല്യപ്പെടുത്തിയെന്ന പരാതിയിൽ നോട്ടീസ് നൽകാൻ 2013 ഫെബ്രുവരി ഒന്നിന് വീട്ടിലെത്തിയപ്പോൾ അജി പോലീസ് വാഹനം തടഞ്ഞുനിർത്തിയെന്നാണ് കേസ്. അജിയെയും പിതാവിനെയും അറസ്റ്റ് ചെയ്തു. എന്നാൽ, പിതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയില്ല. പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ അജിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
അന്നത്തെ ഡിഡിഇ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥ വിരോധം മൂലം തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നു കാണിച്ച് അജി എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകി. അന്വേഷണം നടത്തിയ ഐജിയുടെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് സംബന്ധിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും പുനരന്വേഷണം നടത്തണമെന്ന റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കോടതി അജിയെ കുറ്റവിമുക്തനാക്കിയത്. കേസിനെത്തുടർന്ന് അജി സസ്പെൻഷനിലായിരുന്നു. തന്റെ ഇൻക്രിമെന്റും ഗ്രേഡും തടഞ്ഞുവെന്നും സാമ്പത്തികമായും മാനസികമായും താനും കുടുംബവും തകർന്നുവെന്നും അജി പറഞ്ഞു. ഇതിനിടെ റിട്ടയേർഡ് അധ്യാപകനായ പിതാവും മരിച്ചു. വിദ്യാഭ്യാസവകുപ്പിനും പോലീസിനുമെതിരേ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനുമായി നിയമ നടപടികൾ സീകരിക്കുമെന്ന് അജി കെ. സെബാസ്റ്റ്യൻ പറഞ്ഞു.