സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍
1416001
Friday, April 12, 2024 6:43 AM IST
ഗാന്ധിനഗര്‍: വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പൂവത്തുംമൂട് പാലം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന അമ്പലത്തുമാലിയില് രാഗിണി (47) യെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചൂട്ടുവേലി ഭാഗത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ വീട്ടുജോലിക്കായി നിന്നിരുന്ന ഇവര്‍ ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല, കമ്മല്‍, ലോക്കറ്റ്, മോതിരം, എന്നിവ ഉള്‍പ്പെടെ 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.
ഓരോതവണയും മോഷ്ടിച്ച സ്വര്‍ണം ഇവര്‍ നാഗമ്പടത്തുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ പണയം വച്ച് പണം കൈക്കലാക്കി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണമുതല്‍ നാഗമ്പടത്തുള്ള പണമിടപാട് സ്ഥാപനത്തില്‍നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.