ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന് ആദ്യാക്ഷരംകുറിക്കൽ
1423341
Sunday, May 19, 2024 1:15 AM IST
ഭരണങ്ങാനം: പന്തക്കുസ്താ തിരുനാള്‍ ദിവസമായ ഇന്ന് വിശുദ്ധ അൽഫോൻസ തീര്‍ഥാടന കേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിക്കല്‍ നടത്തും.
രാവിലെ 7.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. റായ്പുര്‍ അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് അഗസ്റ്റിന് ചരണകുന്നേല്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവരും രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, അല്‍ഫോന്‍സ സ്പിരിച്വാലിറ്റി സെന്റർ റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, ഭരണങ്ങാനം പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്ട്ടിന് മാന്നാത്ത് തുടങ്ങിയവരും കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 7.30 വരെ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നതിന് അവസരമുണ്ട്.
അല്‍ഫോന്‍സാമ്മ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ സഭാവസ്ത്രം സ്വീകരിച്ച ദിവസം കൂടിയാണ് ഇന്ന് എന്ന പ്രത്യേകതയുമുണ്ട്.
ചെമ്മലമറ്റം പള്ളിയിൽ ആദ്യാക്ഷരംകുറിക്കൽ
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ വിശുദ്ധ ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നു രാവിലെ എട്ടിന് ആദ്യാക്ഷരം കുറിക്കൽ നടക്കും. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. തോമസ് കട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.