കനത്ത മഴ: ടാർപോളിൻ വലിച്ചുകെട്ടി ഭൂഗര്‍ഭപാതയുടെ കോൺക്രീറ്റിംഗ് പൂർത്തിയാക്കി
1423942
Tuesday, May 21, 2024 6:25 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരിക്കേ കനത്ത മഴയെത്തുടര്‍ന്ന് ടാര്‍പോളിന്‍ വലിച്ചുകെട്ടി മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി.
ശനിയാഴ്ച സൈഡ് ഭിത്തികളുടെയും ഇന്നലെ മേല്‍ത്തട്ടിന്റെയും കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചു. മഴയത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിഞ്ഞ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍. വാസവന് നിര്‍മാണ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ എത്തി.
ആര്‍പ്പൂക്കര അമ്പലക്കവലയിലും അമ്മഞ്ചേരിക്കവലയിലും മെഡിക്കല്‍ കോളജിനു മുന്ഭാഗത്തുകൂടിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. ആംബുലന്‍സുകള്‍, ബസുകള്‍, യാത്രാ വാഹനങ്ങള്‍ എന്നിവ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്ഡിനുള്ളില്കൂടി കയറിയും മറ്റു ചെറുവാഹനങ്ങളും ഭാരവാഹനങ്ങളും കുടമാളൂര്‍-മാന്നാനം റോഡിലൂടെയും വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
ആറു മാസം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്നുമാസം കൊണ്ടുതന്നെ പണി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയാണെന്നു കരാറുകാരന് പറയുന്നു.