നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റിലിടിച്ചു മറിഞ്ഞു; നാലു യുവാക്കൾക്കു പരിക്ക്
1424856
Saturday, May 25, 2024 7:16 AM IST
അതിരമ്പുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു. ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ മുണ്ടുവേലിപ്പടിക്കു സമീപം പെരുമ്പുഴ വളവിൽ വ്യാഴാഴ്ച രാത്രിയിലാണ് അപകടം. കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കൾക്ക് പരിക്കേറ്റു.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് നീണ്ടൂർ ഭാഗത്തേക്കു പോയ കാറാണ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. പോസ്റ്റ് പല കഷണങ്ങളായി ഒടിഞ്ഞു തകർന്നു. തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ചുകയറിയ കാർ തലകീഴായി മറിഞ്ഞു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാർ ഉയർത്തി യുവാക്കളെ പുറത്തെടുത്തത്. ഇവർക്ക് പ്രത്യക്ഷത്തിൽ കാര്യമായ പരിക്കില്ല. യുവാക്കളെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.