ബാറിനുള്ളിലെ സംഘർഷം: രണ്ടുപേർകൂടി അറസ്റ്റിൽ
1425560
Tuesday, May 28, 2024 7:08 AM IST
കോട്ടയം: ബാറിനുള്ളില്‍ യുവാക്കളുമായി വാക്കുതര്ക്കത്തെതുടര്ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ആറാട്ടുകടവ് ഭാഗത്ത് ആശാരിപ്പറമ്പില്‍ സുധീഷ് സുഗതന് (31), വടവാതൂര്‍ വട്ടവേലില്‍ ഭാഗത്ത് കൊച്ചുപറമ്പില്‍ റോബിന് മാത്യു (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 10:30ന് അയ്മനം സ്വദേശിയായ യുവാവും സുഹൃത്തുക്കളും കുടയംപടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിക്കാന്‍ എത്തുകയും ഇവിടെവച്ച് ബാറിലെ ഗ്ലാസ് ഇവര്‍ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ ഇവരെ ബിയര്‍ കുപ്പികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതില്‍ അയ്മനം സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരാതിയെത്തുടര്‍ന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാര്‍ ജീവനക്കാരായ രാഹുല്‍, രതീഷ്, ബോബി ജേക്കബ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ശക്തമായ തെരച്ചിലിലാണ് ഇവരുകൂടി പോലീസിന്റെ പിടിയിലാകുന്നത്.
റോബിന് മാത്യു ബാറിലെ ജീവനക്കാരനും സുധീഷ് ഇവരോടൊപ്പം യുവാവിനെ ആക്രമിച്ചയാളുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.