ജനഹൃദയങ്ങളില്‍ മരിക്കാതെ ഉമ്മന്‍ചാണ്ടി
1436812
Wednesday, July 17, 2024 10:49 PM IST
ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം ഇന്ന്
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്നു. ജില്ലയൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിപുലമായ ചടങ്ങുകളും അനുസ്മരണങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ ഇന്നു രാവിലെ 11നു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സീറോ മലങ്കര ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും സ്കോളര്‍ഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ശശി തരൂര്‍ എംപി, പാണക്കാട് സയ്യദ് സാദിഖലി ശിഖാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മറിയാമ്മ ഉമ്മന്‍, രാധാ വി.നായര്‍, സ്വാമി മോക്ഷവ്രതാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പെരുമ്പടവം ശ്രീധരന്, ഗിരീഷ് കോനാട്ട് എന്നിവര്‍ പ്രസംഗിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതവും ജോഷി ഫിലിപ്പ് കൃതജ്ഞതയും പറയും.
ചടങ്ങിനു മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടക്കും.
വിവിധ മണ്ഡലംകമ്മിറ്റികള്‍ അന്നദാനം, സ്കോളര്‍ഷിപ്പ് വിതരണം തുടങ്ങിയ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.