നല്ല സമറായന്റെ കനിവിൽ ഒരാൾകൂടി ഉറ്റവർക്കൊപ്പം നാട്ടിലേക്ക്
1438539
Tuesday, July 23, 2024 10:49 PM IST
കാഞ്ഞിരപ്പള്ളി: നല്ല സമറായന്റെ കനിവിൽ ഒരാൾകൂടി ഉറ്റവർക്കൊപ്പം നാട്ടിലേക്ക്. തമിഴ്നാട് ഇറോഡ് സ്വദേശി സുധയാണ് പുളിമാവ് നല്ല സമറായന് ആശ്രമത്തില്‍ നിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്. ഏന്തയാർ പ്രദേശത്തുകൂടി അലഞ്ഞുതിരിഞ്ഞ് നടന്ന സുധയെ
കഴിഞ്ഞ മാർച്ച് ഏഴിനാണ് മുണ്ടക്കയം പോലീസ് സംരക്ഷണത്തിനായി നല്ല സമറായന് ആശ്രമത്തിലെത്തിച്ചത്. ഇവിടുത്തെ ചികിത്സയിലും ശുശ്രൂഷയിലും ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോഴാണ് തമിഴ്നാട്ടിലെ ഇറോഡ് സ്വദേശിയാണ് താനെന്ന് സുധ വെളിപ്പെടുത്തിയത്.
ഇക്കാര്യം ആശ്രമ അധികൃതർ തേനി ജില്ലയിലെ കമ്പം ടൗണ്‍ പഞ്ചായത്തംഗം ഇളംകോവനെയും സാമൂഹ്യപ്രവർത്തകരായ ഗോപാല്‍, ഭാര്യ പ്രഭ എന്നിവരെയും അറിയിച്ചു. ഇവർ ആശ്രമത്തിലെത്തി സുധയെ സന്ദർശിക്കുകയും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറോഡ് പ്രദേശത്തുള്ള സാമൂഹ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ഭർത്താവ് പളനിച്ചാമിയെ കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം പളനിച്ചാമിയെ കൂട്ടി ആശ്രമത്തിലെത്തിയ ഇവർ സുധയുമായി സ്വദേശത്തേക്ക് മടങ്ങി.
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി 1998 മുതല്‍ ഫാ. റോയി മാത്യു വടക്കേലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പുളിമാവില് പ്രവര്‍ത്തിച്ചു വരുന്ന ആശ്രമമാണ് നല്ല സമറായന്.