മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ പുലിക്കുന്നിന് സമീപമുള്ള ഇല്ലിക്കൂപ്പിൽ മാലിന്യംതള്ളൽ വ്യാപകമാകുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ വാഹനങ്ങളിലും അല്ലാതെയും വലിയ തോതിലാണ് ഇവിടെ കൊണ്ടുവന്ന് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയുമടക്കം ലോഡ് കണക്കിന് മാലിന്യം ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ മാലിന്യങ്ങൾ ഭക്ഷിക്കാനായി എത്തുന്നത് വാഹന യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയായി മാറുകയാണ്. ഒപ്പം തെരുവുനായ ശല്യം കൂടിയാകുന്നതോടെ പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമാകും. കൂമ്പാരമായി കിടക്കുന്ന മാലിന്യത്തിൽ നിന്നും മാലിന്യജലം സമീപത്തെ അരുവിയിലേക്ക് ഒഴുകിയെത്തുന്നത് പകർച്ചവ്യാധികൾ പടരുമെന്ന് ആശങ്കയും വർധിപ്പിക്കുകയാണ്. മേഖലയിൽ മാലിന്യംതള്ളൽ പതിവായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും ഇതിനെല്ലാം പുല്ലുവിലയാണ് സാമൂഹ്യവിരുദ്ധർ നൽകുന്നത്.