പുത്തൻചന്തയ്ക്കും വരിക്കാനി കവലയ്ക്കുമിടയിൽ അപകടങ്ങൾ വർധിക്കുന്നു
1444625
Tuesday, August 13, 2024 10:33 PM IST
മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ പുത്തൻചന്തയ്ക്കും വരിക്കാനി കവലയ്ക്കുമിടയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
വർഷങ്ങൾക്കു മുമ്പ് നവീകരണത്തിന്റെ ഭാഗമായി മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള റോഡിന്റെ വശങ്ങൾ വീതി കൂട്ടി നവീകരിച്ചിരുന്നു. എന്നാൽ, പുത്തൻചന്തയ്ക്ക് ശേഷമുള്ള കൊടുംവളവിലെ വീതി കുറഞ്ഞ കലുങ്കും റോഡിന്റെ വശവും വീതി കൂട്ടി നവീകരിച്ചില്ല. റോഡിന് വീതി കുറവുള്ള ഈ ഭാഗത്ത് വേഗത്തിൽ എത്തുന്ന വാഹനങ്ങൾ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. ഇന്നലെ രാവിലെ എരുമേലി ഭാഗത്തുനിന്നു വന്ന കാർ റോഡിലെ വീതികുറഞ്ഞ കലിങ്കിന് സമീപം നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മുമ്പും സമാനമായ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. പ്രധാന ശബരിമല പാത കൂടിയായ ഈ റോഡിലൂടെ മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും റോഡിന്റെ ഈ ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്കു മുമ്പ് ഇതിനു സമീപം റോഡ് മുറിച്ചു കടന്ന വയോധികൻ വാഹനമിടിച്ച് മരിച്ചിരുന്നു. അപകടങ്ങൾ തുടർക്കഥയായ ഈ ഭാഗത്ത് കല്ലുങ്കിന്റെയും റോഡിന്റെയും വീതി വർധിപ്പിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.