പെരുവ ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകം
1452786
Thursday, September 12, 2024 7:01 AM IST
പെരുവ: പെരുവ ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നിരവധി മോഷണങ്ങളാണ് നാട്ടിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പെരുവ ടൗണിലെ നാല് കടകളിലാണ് മോഷണം നടന്നത്. 5,500 രൂപ ഈ കടകളില്‍ നിന്നായി മോഷണം പോയി. പുലര്‍ച്ചെ രണ്ടോടെ പെരുവ മാര്‍ക്കറ്റ് ജംഗ്ഷനിലും മാര്‍ക്കറ്റിലും പ്രവര്‍ത്തിക്കുന്ന കടകളിലാണ് മോഷണം നടന്നത്.
മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രാജേഷിന്റെ പച്ചക്കറി കടയില്‍ നിന്നും നാലായിരം രൂപയും മടത്താട്ട് ബാബുവിന്റെ പച്ചക്കറി കടയില്‍ നിന്നും 200 രുപയുമാണ് മോഷണം പോയത്. ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പറമ്പില്‍ സുരേഷിന്റെ പലചരക്ക് കടയില്‍നിന്നും 1300 രൂപയുമാണ് നഷ്ടമായത്. മണ്ണാലില്‍ ബിനുവിന്റെ സ്റ്റേഷനറി കടയിലും മോഷ്ടാവ് കയറിയെങ്കിലും ഇവിടെ പണമൊന്നും നഷ്ടപ്പെട്ടില്ല.
എല്ലാ കടകളുടെയും താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പുലര്‍ച്ചെയെത്തിയ മോഷ്ടാവ് സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ ഓഫ് ചെയ്ത ശേഷമാണ് കടകള്‍ കുത്തിത്തുറന്നത്. ബാബുവിന്റെ പച്ചക്കറിക്കടയില്‍ കയറിയ മോഷ്ടാവ് മങ്കി ക്യാപ് ധരിച്ചിരുന്നതായി സിസി ടിവിയില്‍ വ്യക്തമാണ്. ഒന്നാം തീയതി മൂര്ക്കാട്ടിപടിയിലെ പൈന്താറ്റില്‍ ഡ്രസ് സെന്ററിലും മോഷണം നടന്നിരുന്നു.
ഇവിടെനിന്നു പതിനായിരം രൂപ മോഷണം പോയെന്നാണ് ഉടമ പറഞ്ഞത്. ഈ കടയില്‍ കയറിയ മോഷ്ടാവും മങ്കി ക്യാപ് ധരിച്ചിരുന്നു. അന്ന് മൂര്ക്കാട്ടിപടിയിലെ ട്രാന്‍സ്ഫോര്‍മര്‍ ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. ഒരു മാസം മുമ്പ് വടുകുന്നപ്പുഴയില്‍ ആളില്ലാത്ത വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ആള്‍താമസമില്ലാത്ത വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചതെങ്കിലും വീട്ടില്‍നിന്നും ഒന്നും നഷടപ്പെട്ടില്ല.
ഇതേസമയത്ത് തന്നെ മൂര്‍ക്കാട്ടിപ്പടിയിലെ എസ്എന്‍ഡിപി ഹാളില്‍ നന്നാക്കുന്നതിനായി അഴിച്ചു വച്ചിരുന്ന ഏഴ് ഫാനുകളും മോഷണം പോയിരുന്നു. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്ല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെങ്കിലും പോലീസ് അനങ്ങുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.