ഓണം ആഘോഷമാക്കാൻ കുടുംബശ്രീ ഓണ്‍ലൈൻ സ്റ്റോർ
1579291
Sunday, July 27, 2025 11:24 PM IST
ഇടുക്കി: ഓണം അടിപൊളിയാക്കാൻ ഇനി നെട്ടോട്ടമോടേണ്ട. കുടുംബശ്രീ ഉത്പന്നങ്ങൾ ഓണ്‍ലൈനിൽ ഓർഡർ ചെയ്താൽ ഞൊടിയിടയിൽ നിങ്ങളുടെ വീട്ടിലെത്തും. ഉത്പന്നങ്ങൾ ഒറ്റക്കുടക്കീഴിലാക്കി ഓണ്‍ലൈൻ വിൽപനയിലേക്ക് ചുവടുവച്ചിരിക്കുകയാണ് കുടുംബശ്രീ. പോക്കറ്റ്മാർട്ട് എന്ന ഓണ്‍ലൈൻ സ്റ്റോർ ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിക്കും.
ഓണത്തിനായി 799 രൂപ വരെ വിലയുള്ള ഉത്പന്നങ്ങളടങ്ങിയ കിറ്റാണ് പ്രധാന ആകർഷണം. ചിപ്സ്, ശർക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടികൾ, അച്ചാറുകൾ തുടങ്ങി വിവിധ ഇനങ്ങൾ കിറ്റിൽ ഉൾപ്പെടുന്നു.
ആദ്യഘട്ടത്തിൽ ആയിരത്തോളം ഉത്പന്നങ്ങളാണ് സ്റ്റോറിൽ ലഭ്യമാകുക. ജില്ലയിൽ 16 യൂണിറ്റുകളാണ് ജിഎസ്ടി ഉള്ളവയിൽനിന്നു സജ്ജമാക്കിയിരിക്കുന്നത്. എല്ലാ സിഡിഎസുകളും ഓണക്കിറ്റുകൾ തയാറാക്കും.
ജില്ലയിൽനിന്നു മാത്രം 6080 ഉത്പന്നങ്ങൾ പോക്കറ്റ് മാർട്ടിൽ ലഭ്യമാകും. ഹോം മെയ്ഡ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവ കൂടാതെ കുടുംബശ്രീ സംരംഭങ്ങളായ ലഞ്ച് ബെൽ, ബഡ്സ്, കഫേ, കേരള ചിക്കൻ എന്നിവയും കെ-ഫോർ കെയർ, ക്വിക്ക് സെർവ്, ഇ-സേവ കേന്ദ്ര, കണ്‍സ്ട്രക്ഷൻ യൂണിറ്റ് തുടങ്ങിയ സേവനങ്ങളും സ്റ്റോറിൽ ലഭ്യമാണ്.
പോക്കറ്റ് മാർട്ട് ഓണ്‍ലൈൻ സ്റ്റോർ ആപ്പ് പ്ലേ സ്റ്റോറിൽനിന്നു ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തെ ഏത് ജില്ലകളിൽനിന്നുള്ള ഉത്പന്നങ്ങളും ആപ്പിലൂടെ ഓർഡർ ചെയ്യാം. ഉത്പന്നങ്ങളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കുടുംബശ്രീ അധികൃതർ അറിയിച്ചു.