മഴ: തമിഴ്നാടിന്റെ കൃഷിക്ക് അനുഗ്രഹമായി അമരാവതി ഡാം
1579300
Sunday, July 27, 2025 11:25 PM IST
മറയൂർ: കേരളത്തിലെ മൂന്നാർ, മറയൂർ മേഖലകളിൽ പെയ്ത ശക്തമായ മഴ തമിഴ്നാടിന്റെ അമരാവതി ഡാമിന് പുതുജീവൻ പകർന്നു. കേരളത്തിന്റെ അതിർത്തി ഗ്രാമമായ മറയൂരിൽനിന്ന് 36 കിലോമീറ്റർ അകലെ തിരുപ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഡാം മഴക്കാലത്ത് കേരളത്തിൽനിന്നുള്ള മഴവെള്ളത്താലാണ് നിറയുന്നത്.
മറയൂരിന്റെ മലനിരകളിൽ പെയ്യുന്ന മഴ കിഴക്കോട്ടൊഴുകി പാന്പാർവഴി അമരാവതി ഡാമിലെത്തുകയാണ്. ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ ഉടുമൽപേട്ട, കരൂർ, മടത്തുകുളം, അങ്കാലക്കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ 55,000 ഏക്കർ കൃഷിയിടങ്ങളിലാണ് ജലസേചനം നടത്തുന്നത്.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ കുറവായതിനാൽ ഈ വെള്ളം കർഷകർക്ക് വലിയ ആശ്വാസമാണ്. കൃഷി ആവശ്യങ്ങൾക്കായി വെള്ളം പരമാവധി പ്രയോജനപ്പെടുത്താൻ തമിഴ്നാട് ജലസേചന വകുപ്പിന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
മഴനിഴൽ പ്രദേശമായ മറയൂരിൽ ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ സമയത്തും അമരാവതി ഡാം നിറഞ്ഞുകവിയാറുണ്ട്. 90 ഘനയടി സംഭരണശേഷിയുള്ള ഈ ഡാമിൽ കഴിഞ്ഞയാഴ്ച 72 ഘനയടി വെള്ളം ഉയർന്നിരുന്നു. കൃഷി ആവശ്യങ്ങൾക്കായി ഡാം തുറന്നതിനാൽ ഇപ്പോൾ 49 ഘനയടി വെള്ളമാണ് ശേഷിക്കുന്നത്.