സ്നേഹത്തിന്റെ ഭാഷ ഒന്നിപ്പിക്കും: ബിഷപ് ജസ്റ്റിൻ മഠത്തിപ്പറന്പിൽ
1579293
Sunday, July 27, 2025 11:24 PM IST
മൂന്നാർ: ആചാരം കൊണ്ടും ജീവിതനിഷ്ഠ കൊണ്ടും വ്യത്യസ്ത ദേശങ്ങളിലുള്ള ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണെന്ന് വിജയപുരം രൂപത സഹായ മെത്രാൻ ബിഷപ് ജസ്റ്റിൻ മഠത്തിപ്പറന്പിൽ. മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി നടത്തിയ ആരാധനാ ശുശ്രൂഷകൾക്കിടെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
എല്ലാവരും വ്യത്യസ്തയുള്ളവരും വ്യത്യസ്ത ദേശങ്ങളിൽനിന്ന് എത്തിയവരുമാണ്. എങ്കിലും, ഒരു സമൂഹമെന്ന നിലയിൽ നമ്മെ ഒന്നിപ്പിക്കാനാവുക സ്നേഹത്തിന്റെ ഭാഷയ്ക്കാണ്. ഭാഷ അറിയില്ലെങ്കിലും സ്നേഹത്തോടെ നാം ഒരുമിച്ച് മുന്നോട്ടു പോകുമെന്നും ബിഷപ് പറഞ്ഞു.
മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ നിന്നായുള്ള നൂറു കണക്കിന് തൊഴിലാളികളാണ് ശുശ്രൂഷകളിൽ പങ്കെടുത്തത്. ദേവികുളം ആവേ മരിയ പള്ളി സഹവികാരി ഫാ. ക്രിസ്തുജദാസ് ഹിന്ദിയിൽ ദിവ്യബലി അർപ്പിച്ചു. തൊഴിലാളികളെ ബിഷപ്പ് ഉപഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്. സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
മൂന്നാർ ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ഫാ. ലിജോ ലോറൻസ്. ഫാ. അഭിജിത്ത്, സിസ്റ്റർ സുവർണ, സിസ്റ്റർ ലിജി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ മാസമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി ശുശ്രൂഷകൾ ആരംഭിച്ചത്.