കനത്ത മഴയ്ക്ക് ശമനം: ആശങ്ക വിട്ടൊഴിയാതെ ജില്ല
1579298
Sunday, July 27, 2025 11:25 PM IST
തൊടുപുഴ: ഏതാനും ദിവസങ്ങളായി ജില്ലയിൽ പെയ്തുനിന്ന മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഒഴിയുന്നില്ല. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി ഉൾപ്പെടെ അപകടസാധ്യത നിലനിൽക്കുകയാണ്.
ഇന്നലെ ഉച്ചമുതലാണ് മഴയുടെ തീവ്രത കുറഞ്ഞുതുടങ്ങിയത്. രാവിലെയും ശക്തമായ മഴയാണ് പെയ്തത്. തുടർന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ജില്ലയിൽ ഗ്രീൻ അലർട്ടാണെങ്കിലും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ശനിയാഴ്ച രാത്രി മണ്ണിടിഞ്ഞുവീണ് മൂന്നാറിൽ ലോറി ഡ്രൈവർ മരിച്ച സ്ഥലത്ത് ഇന്നലെ രാവിലെ വീണ്ടും വ്യാപക മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഗതാഗതവും നിലച്ചു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽപ്പെട്ട ദേവികുളം ഗ്യാപ് റോഡിൽ 2018 -ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്താണ് വീണ്ടും മലയിടിച്ചിലുണ്ടായത്.
മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗേണേശൻ (58) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.
ജില്ലയിൽ, കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും വീടുകൾക്കും കൃഷിവിളകൾക്കും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറവായിരുന്നെങ്കിലും ജില്ലയിൽ ഇന്നലെയും ഇടവിട്ട് മഴ തുടർന്നു. വരുംദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 93.68 മില്ലിമീറ്റർ മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദേവികുളം താലൂക്കിലാണ്. 150 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഇടുക്കി- 118.8, പീരുമേട് - 93.6, തൊടുപുഴ - 64, ഉടുന്പൻചോല - 42 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ഡാമുകളിലെ ജലനിരപ്പും വർധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 2373.30 അടിയാണ് ജലനിരപ്പ്. 134.60 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.