ഉരുൾപൊട്ടി കൃഷിഭൂമി ഒലിച്ചുപോയി
1579299
Sunday, July 27, 2025 11:25 PM IST
ചെറുതോണി: തുടർച്ചയായി പെയ്ത മഴയിൽ ഉരുൾപൊട്ടി കൃഷിഭൂമി ഒലിച്ചുപോയി. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളത്ത് അച്ചാരുകുടിയിൽ ജോഷി പൈലിയുടെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വലിയ ശബ്ദത്തോടെ മണ്ണും കല്ലും വെള്ളവും കൃഷിഭൂമിയിലൂടെ ഒഴുകി നാശംവിതയ്ക്കുകയായിരുന്നു.
ജാതിത്തോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ജാതി, കുരുമുളകുചെടി, ഏലം, കശുമാവ്, വാഴ തുടങ്ങിയ ദേഹണ്ഡങ്ങൾ നശിച്ചു. അരയേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. 15 വർഷത്തിലധികം പ്രായമുള്ള 20-ലധികം ജാതിമരങ്ങൾ കല്ലും മണ്ണും വന്നിടിച്ചിരിക്കുന്നതിനാൽ വേനലാകുമ്പോൾ ഉണങ്ങിപ്പോകുമെന്നാണ് കർഷകന്റെ ആശങ്ക. ഇവരുടെ വീടിനു സമീപമാണ് ഉരുൾപൊട്ടിയത്.