അഞ്ചുനാട്ടിലെ മണ്‍വീടുകൾ: പ്രകൃതിയോടൊപ്പം ഒരു സഞ്ചാരാനുഭവം
1579303
Sunday, July 27, 2025 11:25 PM IST
ജിതേഷ് ചെറുവള്ളിൽ
മറയൂർ: ഇടുക്കി ജില്ലയിലെ മറയൂർ-കാന്തല്ലൂർ മേഖലയിൽ പ്രകൃതിയോടിണങ്ങി നിൽക്കുന്ന മണ്‍വീടുകൾ (മഡ്ഹൗസ്) സഞ്ചാരികൾക്കു പുതുമയുള്ള താമസസൗകര്യമായി മാറുകയാണ്. പുല്ലും കളിമണ്ണും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായി നിർമിച്ച ഈ വീടുകൾ കാഴ്ചയിൽ ചന്തവും താമസത്തിൽ സുഖപ്രദവുമാണ്. ആധുനിക സൗകര്യങ്ങളോടെ പ്രകൃതിയോടു ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടത്തെ മണ്‍വീടുകൾ അനുയോജ്യമായ ഇടമാണ്.
മണ്‍വീടുകളുടെ പ്രത്യേകതകൾ
മറയൂർ,കാന്തല്ലൂർ മേഖലകളിലെ മണ്‍വീടുകൾ പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മലനിരകളിൽനിന്ന് ലഭിക്കുന്ന പുല്ലും കളിമണ്ണും ചേർത്ത് പരന്പരാഗത നിർമാണരീതിയിൽ രൂപപ്പെടുത്തുന്ന ഈ വീടുകൾ തണുപ്പും ചൂടും സന്തുലിതമാക്കുന്ന പ്രകൃതിദത്ത ശീതീകരണ സംവിധാനം നൽകുന്നു. ഒറ്റനിലയിൽ നിർമിച്ച ഭൂരിഭാഗം മണ്‍വീടുകളും ശീതകാല പച്ചക്കറി, പഴവർഗ ഫാമുകൾക്ക് സമീപമാണ്. ഇത് സഞ്ചാരികൾക്ക് പ്രകൃതിയുടെ മനോഹാരിതയോടൊപ്പം കാർഷിക ജീവിതത്തിന്റെ ഏടുകൂടി പകർന്നുനൽകുന്നു.
വൈദ്യുതി, വൈഫൈ, സുഖപ്രദമായ കിടക്കകൾ, ശുചിമുറികൾ എന്നിവ ഈ മണ്‍വീടുകളിൽ ലഭ്യമാണ്. എന്നാൽ, ഇവയുടെ നിർമാണച്ചെലവും പരിപാലനച്ചെലവും താരതമ്യേന ഉയർന്നതാണെങ്കിലും സഞ്ചാരികളുടെ തിരക്ക് കാരണം ഈ മേഖലയിൽ നൂറോളം മണ്‍വീടുകൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സഞ്ചാരികളുടെ ആകർഷണം
മണ്‍വീടുകൾ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാണ് നൽകുന്നത്. അഞ്ചുനാടിന്റെ ശീതളിമയും ചുറ്റുമുള്ള മലനിരകളുടെ മനോഹാരിതയും മറയൂരിന്റെ ചന്ദനമരങ്ങളും കാന്തല്ലൂരിന്റെ ആപ്പിൾ തോട്ടങ്ങളും സന്ദർശകർക്ക് പ്രകൃതിയോട് അടുത്തിടപഴകാനുള്ള അവസരം നൽകുന്നു. ശാന്തമായ അന്തരീക്ഷത്തിൽ മണ്‍വീടുകളിൽ താമസിച്ച് പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നത് ഏതൊരു യാത്രികനും മറക്കാനാവാത്ത ഓർമകൾ സമ്മാനിക്കുന്നു.
ടൂറിസത്തിന് പുത്തൻ ഉണർവ്
മറയൂർ-കാന്തല്ലൂർ മേഖലയിലെ ടൂറിസം വ്യവസായത്തിന് മണ്‍വീടുകൾ പുതിയൊരു മുഖം നൽകിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ (ഇക്കോ-ടൂറിസം) ഭാഗമായി ഈ മണ്‍വീടുകൾ പ്രാദേശിക സമൂഹത്തിന് സാന്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും നൽകുന്നു. കൂടാതെ, മറയൂർ ചന്ദനക്കാടുകൾ, മുനിയറകൾ, കാന്തല്ലൂർ വെള്ളച്ചാട്ടങ്ങൾ, തൂവാൻപാറ, ലക്ഷ്മി ഹിൽസ് തുടങ്ങിയ സമീപത്തെ ആകർഷണങ്ങൾ സന്ദർശകർക്ക് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
സഞ്ചാരികളുടെ വർധിച്ചുവരുന്ന താത്പപര്യം കണക്കിലെടുത്ത് കൂടുതൽ മണ്‍വീടുകൾ ഈ മേഖലയിൽ നിർമിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്രാദേശിക സംസ്കാരവും പൈതൃകവും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിന് ഈ വീടുകൾ വലിയ പങ്കാണ് വഹിക്കുന്നത്. കൂടാതെ, മണ്‍വീടുകളിൽ താമസിക്കുന്നവർക്ക് പ്രാദേശിക ഭക്ഷണവും (നാടൻ ഭക്ഷണം) ലഭ്യമാകുന്നതിനാൽ ഇവിടത്തെ കാർഷിക ഉത്പന്നങ്ങൾക്കും ഡിമാൻഡ് വർധിക്കുന്നു.