വിദ്യാഭ്യാസമന്ത്രി നുണ പ്രചരിപ്പിക്കുന്നു: ഇടുക്കി രൂപത ജാഗ്രതാ സമിതി
1595512
Monday, September 29, 2025 12:06 AM IST
കരിന്പൻ: വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നുണ പ്രചാരണവുമായി ക്രിസ്ത്യൻ മാനേജ്മെന്റുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി ശിവൻകുട്ടി നടത്തിയത് നൂറു ശതമാനം സത്യവിരുദ്ധമായ പ്രസ്താവനയാണ്.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങൾ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ മന്ത്രി വിസ്മരിക്കരുത്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യൻ മാനേജ്മെന്റ് എതിരാണെന്ന മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്.
ഭിന്നശേഷി സംവരണത്തിന് വേണ്ടി 1996 മുതൽ 2018വരെ മൂന്നു ശതമാനവും 2018 മുതൽ നാലു ശതമാനവും ബാക്ക് ലോഗ് കണക്കാക്കി ആവശ്യമുള്ള ഒഴിവുകൾ പൂർണമായി കണക്കാക്കി സർക്കാരിനെ അറിയിച്ച സ്ഥാപനങ്ങളാണ് ക്രിസ്ത്യൻ മാനേജ്മെന്റുകളുടേത്.
ഒഴിവുകളുടെ എണ്ണം വിദ്യാഭ്യാസ ഓഫീസർമാരും സർക്കാർ സംവിധാനങ്ങളും പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇങ്ങനെ മാറ്റിവച്ച ഒഴിവുകളിൽ സർക്കാർ ലിസ്റ്റ് നൽകിയവരെയും എംപ്ലോയ്മെന്റ്് ഓഫീസുകൾ മുഖാന്തരം എത്തിയവരെയും ക്രിസ്ത്യൻ മാനേജ്മെന്റുകൾ നിയമിച്ചിട്ടുണ്ട്. മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന അത്രയും എണ്ണം യോഗ്യതയുള്ള ഭിന്നശേഷിക്കാർ സംസ്ഥാനത്ത് ഇല്ലാത്തതാണ് പ്രശ്നം. ഇത് മന്ത്രിക്കും അറിയാവുന്നതാണ്.
ഭിന്നശേഷി സംവരണത്തിനു വേണ്ടി ക്രിസ്ത്യൻ മാനേജ്മെന്റ് സഹകരിക്കുന്നില്ലെന്ന് പറയുന്ന മന്ത്രി ഭിന്നശേഷി സംവരണത്തിന് വേണ്ടി ഒഴിവുകൾ മാറ്റിയിടാത്തവരുടെയും ഒഴിവുകൾ മാറ്റിയിട്ടവരുടെയും വിവരങ്ങൾ പ്രസിദ്ധീകരിക്കണം.
സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ഭിന്നശേഷി സംവരണത്തിനായി സീറ്റുകൾ മാറ്റിവച്ചാൽ മറ്റ് നിയമനങ്ങൾ അംഗീകരിക്കണം. ഇങ്ങനെ മാറ്റിവച്ചാൽ മാത്രം പോരാ, മുഴുവൻ ഭിന്നശേഷി നിയമനങ്ങളും നടത്തിയാൽ മാത്രമേ മറ്റ് നിയമനങ്ങൾ അംഗീകരിക്കൂ എന്നാണ് മന്ത്രി പറയുന്നത്. ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടഞ്ഞുവച്ച പതിനായിത്തോളം നിയമനങ്ങളുണ്ട്.
കേരളത്തിൽ 7000 ഭിന്നശേഷി ഒഴിവുകൾ ഉണ്ടെന്ന് മന്ത്രി പറയുന്പോൾ, 500ൽ താഴെ മാത്രം ഭിന്നശേഷിക്കാരെയേ ഈ ഒഴിവുകളിലേക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുള്ളൂ. യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ആവശ്യത്തിന് ഇല്ലെന്ന യാഥാർഥ്യം മന്ത്രി മനസിലാക്കണം.
മറ്റുള്ളവരെ കുറ്റം പറഞ്ഞ് നിയമനാഗീകാരം അനന്തമായി നീട്ടാൻ ശ്രമിക്കാതെ യാഥാർഥ്യബോധത്തോടെ പ്രശ്നം പരിഹരിക്കാൻ തയാറാകണമെന്നും ഇടുക്കി രൂപത കാര്യാലയത്തിൽ കൂടിയ ജാഗ്രതാസമിതി യോഗം ആവശ്യപ്പെട്ടു. ഇടുക്കി രൂപത വികാരി ജനറാൾ മോണ്. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു.
മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ജിൻസ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മഠത്തിൽ, എം.വി. ജോർജ്കുട്ടി, ജിജി കൂട്ടുങ്കൽ, ബിനോയി ചെമ്മരപ്പള്ളിൽ, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.