സ്വർണം തട്ടിപ്പ്: കൂടുതൽ പ്രതികളെന്ന് സൂചന
1595519
Monday, September 29, 2025 12:06 AM IST
തൊടുപുഴ: ധ്യാനകേന്ദ്രത്തിന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തി വന്ന സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. കഴിഞ്ഞ ദിവസം നാലംഗ സംഘമാണ് പോലീസിന്റെ പിടിയിലായതെങ്കിലും തട്ടിപ്പുസംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് വിവരം ലഭിച്ചത്.
ഒട്ടേറെ ആളുകൾ ഇവരുടെ തട്ടിപ്പിനിരയായതായാണ് സൂചന. പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
തൊടുപുഴ പാറക്കടവ് ലക്ഷംവീട് കോളനി നിവാസികളായ തൊടുപുഴ ചരുവിള പുത്തൻ വീട്ടിൽ വിജീഷ് അജയകുമാർ (34), അത്തിവീട്ടിൽ സുലോചന ബാബു (44), മകൾ അഞ്ജു ബാബു (29), അഞ്ചപ്ര ഷാജിദ സി. ഷെരീഫ് (29) എന്നിവരാണ് പിടിയിലായത്.
കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിനിയായ 66 കാരിയാണ് തട്ടിപ്പിനിരയായത്. അഞ്ചു പ്രാവശ്യമായി എട്ടര ലക്ഷത്തോളം രൂപയുടെ സ്വർണമാണ് ഇവർ തട്ടിയെടുത്തത്.
സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പാലാ പോലീസ് സ്റ്റേഷനിലും ഇവർക്കെതിരേ കേസുകളുണ്ട്. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബുവിന്റെ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിന് സഹായം ചെയ്തതിന് ഷാജിദയുടെ ഭർത്താവിനെതിരേയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു
മുഖ്യപ്രതിയായ വിജീഷ് കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാൾ നേരത്തേ ചാരിറ്റി പ്രവർത്തനമെന്ന പേരിൽ വീടുകളിലെത്തി പണവും വസ്ത്രങ്ങളും വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത് എവിടെയും നൽകിയതായി വിവരമില്ല.
ഇത്തരത്തിലെത്തിയാണ് തനിച്ച് വീട്ടമ്മമാർ താമസിക്കുന്ന വീടുകളും മറ്റും മനസിലാക്കുന്നത്. അവരുടെ വിശ്വാസം മുതലെടുത്ത് അടുപ്പം സ്ഥാപിച്ച ശേഷം പിന്നീട് സ്ത്രീകളെ രംഗത്തിറക്കി തട്ടിപ്പു നടത്തുന്നതാണ് പതിവ്. ഇതിനു മറപിടിക്കാനാണ് സ്ത്രീകളുടെ കൈയിൽ ലോഷൻ, പപ്പടം, കത്തി എന്നിവ വിൽക്കാനേൽപ്പിക്കുന്നത്.
ഇവർ തട്ടിയെടുക്കുന്ന സ്വർണം മുഖ്യമായും വിജീഷാണ് വില്പന നടത്തിയിരുന്നത്. പരിചയമുള്ള ജ്വല്ലറികളിലാണ് സ്വർണം വിറ്റിരുന്നത്. നേരത്തേയും ഇടപാടുകൾ നടത്തിയിരുന്നതിനാലാണ് ഇയാളിൽനിന്നു തൊടുപുഴയിലെ ജ്വല്ലറിക്കാർ സ്വർണം വാങ്ങിയത്.
ഇവർ വീട്ടമ്മയിൽനിന്നു തട്ടിയെടുത്ത സ്വർണത്തിന്റെ ബാക്കി ഇനി കണ്ടെടുക്കാനുണ്ട്.