ടൂറിസം കേന്ദ്രങ്ങളിൽ ആഘോഷപ്പൂരം; സന്ദർശകർ ഒരു ലക്ഷം കടന്നു
1596350
Thursday, October 2, 2025 11:55 PM IST
തൊടുപുഴ: പൂജ അവധിയോടനുബന്ധിച്ച് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ആഘോഷപൂരം. അടുപ്പിച്ച് അവധിദിനങ്ങൾ ലഭിച്ചതോടെയാണ് ജില്ലയിലേക്കു സന്ദർശകരുടെ ഒഴുക്കുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെ അടച്ചതോടെ ഒട്ടേറെപ്പേർ അവധി ആഘോഷിക്കാനായി ഈ ദിവസങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വാഗമൺ തന്നെ മുന്നിൽ
ശനിയാഴ്ച മുതൽ മഹാനവമിദിനമായ ബുധനാഴ്ച വരെ ജില്ലയിലെ ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളിലെത്തിയത് 1,04,331 സന്ദർശകരാണ്. പതിവുപോലെ വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലാണ് കൂടുതൽ സന്ദർശകർ എത്തിയത്. വാഗമണ്‍ മൊട്ടക്കുന്നിൽ അഞ്ചു ദിവസത്തിനിടെ 32,093 പേരാണ് എത്തിയത്. മഹാനവമിദിനമായ ബുധനാഴ്ച മാത്രം 9,452 പേരെത്തി. വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ സന്ദർശനം നടത്തിയത് 23,723 പേരാണ്. മഹാനവമി ദിനം 7,869 സന്ദർശകർ ഇവിടെയെത്തി.
തേക്കടിയിലും തിരക്ക്
ഇതിനു പുറമെ പരുന്തുംപാറ, കാൽവരിമൗണ്ട്, മലങ്കര, അഞ്ചുരുളി , മറയൂർ, തൊമ്മൻകുത്ത്, ആനയാടിക്കുത്ത് എന്നിവിടങ്ങളിലും ഒട്ടേറെ സന്ദർശകരെത്തി. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിലും വലിയ തിരക്കനുഭവപ്പെട്ടു. ഇവിടെ ബോട്ടിംഗിനും വലിയ തിരക്കായിരുന്നു. ഇടുക്കി ഡാം സന്ദർശിക്കാനും നൂറു കണക്കിനു സന്ദർശകരാണ് എത്തിയത്.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പൂജ അവധി ആഘോഷിക്കാൻ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു സഞ്ചാരികളാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതലായെത്തിയത്. മാസങ്ങൾക്കു മുന്‍പുതന്നെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു. ഇനി ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ജില്ലയിൽ കൂടുതൽ സഞ്ചാരികൾ എത്തുക.
ടൂറിസം
കേന്ദ്രങ്ങളിലെത്തിയവർ
വാഗമണ്‍-32,093, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ -12,991, രാമക്കൽമേട് -9462, മാട്ടുപ്പെട്ടി -2155, അരുവിക്കുഴി -1908, ശ്രീനാരായണപുരം- 5654, പാഞ്ചാലിമേട്, 8165, ഇടുക്കി ഹിൽവ്യു പാർക്ക് -4472, ആമപ്പാറ -4518 എന്നിങ്ങനെയാണ് ഡിടിപിസിയുടെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്.
വിനോദ
സഞ്ചാരികളുടെ
വാഹനം തിട്ടയിലിടിച്ചു
മൂലമറ്റം: വാഗമണ്‍ സന്ദർശനത്തിനു ശേഷം മടങ്ങിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ചുനിന്നു. മൂലമറ്റം - വാഗമണ്‍ റോഡിൽ ഇടാട് അന്ത്യംപാറയ്ക്കു സമീപം ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. തൃശൂർ സ്വദേശികളായ 17 യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഓടിയെത്തിയ നാട്ടുകാർ മൂലമറ്റത്തുനിന്ന് മറ്റൊരു വാഹനം വിളിച്ചു വരുത്തി യാത്രക്കാരെ കയറ്റിയയച്ചു.