നഷ്ടപ്രതാപം സ്വപ്നംകണ്ട് വഞ്ചിക്കവല
1596354
Thursday, October 2, 2025 11:55 PM IST
ചെറുതോണി: ഒരുകാലത്ത് ജില്ലാ ആസ്ഥാന മേഖലയുടെ പ്രൗഢമുഖമായിരുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ വഞ്ചിക്കവല പുതിയ വാർഡാകുന്നു. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിനായി കെഎസ്ഇബിയും ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയും രംഗത്തു വന്നതോടെയാണ് വഞ്ചിക്കവലയുടെ പ്രതാപകാലം തുടങ്ങുന്നത്. അന്നു ലഭ്യമാകുമായിരുന്ന സാങ്കേതിക വൈദഗ്ധ്യത്തിന്റെ തികവിൽ കെഎസ്ഇബി കോളനിക്കുവേണ്ടി മുന്തിയ നിലവാരമുള്ള ടാർ ചെയ്ത റോഡുകളും കെട്ടിടങ്ങളും കുടിവെള്ള വിതരണ സംവിധാനങ്ങളും സ്ഥാപിക്കപ്പെട്ടു.
വിവിധ കാറ്റഗറിയിലുള്ള പാർപ്പിടസമുച്ചയങ്ങൾ അന്ന് നാട്ടുകാർക്കു വിസ്മയംതന്നെയായിരുന്നു. കെട്ടുറപ്പുള്ള ക്വാർട്ടേഴ്സുകളും റിക്രിയേഷൻ ക്ലബ്ബും വിശാലമായ കളിക്കളവും ഇൻഡോർ സ്റ്റേഡിയവുമെല്ലാം കോളനിക്കാർക്കു മാത്രം സ്വന്തമായിരുന്ന കാലം. നാട്ടുകാർക്ക് അത്ര പരിചയമില്ലാത്ത ഇൻസ്പെക്ഷൻ ബംഗ്ലാവും ഏറെ ശ്രദ്ധേയമായിരുന്നു. ഇടുങ്ങിയ ചെമ്മൺ പാതകളും ദുർഘടങ്ങളായ നാട്ടുവഴികളും കണ്ടുകഴിഞ്ഞിരുന്ന നാട്ടുകാർക്ക് എന്നും വേറിട്ട കാഴ്ചകളാണ് കോളനി സമ്മാനിച്ചിരുന്നത്.
പാതയോരങ്ങളിലെ ഇടനാഴികളിൽ മിന്നിത്തെളിഞ്ഞ വഴിവിളക്കുകൾ രാത്രിയെ പകലാക്കി മാറ്റി. നാൽപ്പതു വർഷത്തിനു മുൻപാണ് ഇവയ്ക്കെല്ലാം വഞ്ചിക്കവല സാക്ഷിയായത്. കാലത്തിന്റെ കുത്തൊഴിക്കിൽ കോളനിയുടെ നിറച്ചാർത്ത് മങ്ങിത്തുടങ്ങിയത് അധികമാരും ശ്രദ്ധിച്ചില്ല. അണക്കെട്ടു നിർമാണം പൂർത്തിയായതോടെ വിവിധ വകുപ്പുകൾ നിർത്തലാക്കി. ജീവനക്കാരെ മറ്റു പ്രോജക്ടുകളിലേക്കു സ്ഥലംമാറ്റി. ഒത്തിരിപ്പേർ സർവീസിൽനിന്നു വിരമിച്ചു സ്വദേശത്തേക്കു മടങ്ങി. അവശേഷിച്ച ജീവനക്കാരുടെ പിൻതലമുറ കോളനിയിൽനിന്നു വിട്ടുമാറി.
ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താനോ ആവശ്യക്കാർക്കു കൈമാറാനോ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല. ക്വാർട്ടേഴ്സുകളെച്ചൊല്ലി വിവിധ കേന്ദ്രങ്ങളിൽനിന്ന് നിരവധി തവണ മുറവിളി ഉയർന്നെങ്കിലും സർക്കാർ തലത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല.
കാത്തിരിപ്പ് ഏറെ വർഷങ്ങൾ നീണ്ടു. ഒടുവിൽ വൈദ്യുതി ബോർഡിന്റെ സ്ഥലം വികസനപ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിനു കൈമാറാൻ തീരുമാനം വന്നു. അപ്പോഴേക്കും 80 ശതമാനത്തിലിധികം ക്വാർട്ടേഴ്സുകളും ജീർണിച്ചുകഴിഞ്ഞിരുന്നു. ഉൾക്കാഴ്ചയില്ലാത്ത നിർമാണപ്രവർത്തനംവഴി വിശാലമായ മൈതാനം ഉപയോഗരഹിതമായി. പഴയ പ്രതാപം വിട്ട വഞ്ചിക്കവല ഇപ്പോൾ വികസനം കൊതിച്ചു കഴിയുകയാണ്. കോളനിപ്രദേശത്തെ റോഡുകളുടെ അറ്റുറ്റപ്പണിപോലും നടന്നിട്ടില്ല. കാടും മുൾപ്പടർപ്പും വളർന്നതോടെ ഇഴജന്തുക്കളും കാട്ടുപന്നികളും തെരുവുനായ്ക്കളും ഇവിടം താവളമാക്കി.
വാഴത്തോപ്പ് പഞ്ചായത്തിലെ വഞ്ചിക്കവല ഉൾപ്പെടുന്ന പ്രദേശം പുതിയ വാർഡായി രൂപീകരിക്കപ്പെടുമ്പോൾ ഏറെ പ്രതീക്ഷയിലാണ്. എന്നാൽ, ജില്ലാ പഞ്ചായത്തും കെഎസ്ഇബിയും തമ്മിലുള്ള അവകാശത്തർക്കം നിലനിൽക്കുന്നിടത്തോളം വഞ്ചിക്കവലയുടെ പ്രതാപം തിരിച്ചു കിട്ടില്ലായെന്നും നാട്ടുകാർ പരിതപിക്കുന്നു. ഇതിനു പരിഹാരമായാൽ എല്ലാത്തിനും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.