യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
1595783
Monday, September 29, 2025 11:40 PM IST
ചെറുതോണി: യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
കൊച്ചി- ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറവരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതിൽ സർക്കാർ വേണ്ടവിധം ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രിയുടെ ചെറുതോണിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ചെറുതോണി സെൻട്രൽ ജംഗ്ഷനിൽനിന്നു പ്രകടനമായി എത്തിയ പ്രവർത്തകരെ മന്ത്രിയുടെ ഓഫീസിന് 100 മീറ്റർ അകലെ പോലീസ് തടഞ്ഞു.
ഇതേത്തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, നേതാക്കളായ സോയിമോൻ സണ്ണി, ടോണി തോമസ്, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, എം.എ. അൻസാരി, കോൺഗ്രസ് നേതാക്കളായ അഡ്വ. അനീഷ് ജോർജ്, ജോയി വർഗീസ്, ടോമി പാലക്കീൽ, മാർട്ടിൻ വള്ളാടി തുടങ്ങിയവർ പ്രസംഗിച്ചു.