പുനർജീവനം കാർഷികപദ്ധതി: രണ്ടാംഘട്ടത്തിന് തുടക്കം
1595520
Monday, September 29, 2025 12:06 AM IST
തൊടുപുഴ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന പുനർജീവനം കാർഷികപദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് വെള്ളിയാമറ്റത്ത് തുടക്കമായി.
സന്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം ഇതിന്റെ മൂല്യവർധനയിലൂടെ തദേശീയ മേഖലയിലെ വനിതാ കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിച്ച് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ പട്ടികവർഗ ഉപപദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പുനർജീവനം.
കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ നടത്തിയ ആദ്യഘട്ട പ്രവർത്തനങ്ങളിൽ കർഷകർക്ക് മികച്ച വരുമാനലഭ്യത ഉറപ്പുവരുത്താൻ കഴിഞ്ഞിരുന്നു.
ഇതേത്തുടർന്നാണ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ്് ജില്ലകളിൽ ഈ വർഷം പദ്ധതി നടപ്പാക്കും.
പദ്ധതിയുടെയും കാർഷിക സംരംഭകത്വ വികസന പരിശീലന ശില്പശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി. ബൈജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി അധ്യക്ഷത വഹിച്ചു.
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുണാചലം, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ജോണ്, സ്ഥിരംസമിതി അധ്യക്ഷൻ രാജു കുട്ടപ്പൻ, രേഷ്മ സി. രവി, കെ.ജി. സ്മിത മോൾ, ഡോ. അഞ്ചൽ കൃഷ്ണകുമാർ, നിമിഷ അഗസ്റ്റിൻ, കെ.ടി. ലിജി, പി.ജി. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.
വെള്ളിയാമറ്റം സിഡിഎസിൽ തദ്ദേശീയവിഭാഗത്തിൽനിന്നു തെരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളായ 40 വനിതാകർഷകർക്ക് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നതിനാവശ്യമായ നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
രണ്ടു ദിവസമായി നടന്നു വന്ന ശില്പശാല ഇന്നലെ സമാപിച്ചു.
പ്രാദേശികമായി ലഭ്യമാകുന്ന ഒൗഷധ സുഗന്ധ സസ്യങ്ങളിൽ നിന്നും പുൽത്തൈലം, വിവിധ സുഗന്ധദ്രവ്യങ്ങൾ, സോപ്പ് എന്നിവ നിർമിക്കുന്നതിൽ കെ.ബി.രമേഷ്കുമാർ പരിശീലനം നൽകി. ഡോ.അരുണാചലം ക്ലാസ് നയിച്ചു.