കുഞ്ഞൻ പവർ ഹൗസും ഇടുക്കി പദ്ധതിയും വരുന്നു
1596068
Wednesday, October 1, 2025 12:02 AM IST
മൂലമറ്റം: വൈദ്യുതി ബോർഡിന്റെ സ്ഥലത്തു ടൂറിസം വികസനം ലക്ഷ്യമിട്ട് പവർഹൗസിന്റെയും ഇടുക്കി പദ്ധതിയുടെയും മിനിയേച്ചർ സ്ഥാപിക്കാൻ പദ്ധതി. ഇതിന് അന്തിമ രൂപം നൽകാൻ വെള്ളിയാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ, ഹൈഡൽ ടൂറിസം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗം മൂലമറ്റത്തു ചേരും. പദ്ധതി സംബന്ധിച്ച് വൈദ്യുതി ബോർഡ് അധികൃതർ ഹൈഡൽ ടൂറിസം അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ഹൈഡൽ ടൂറിസം സർവേ ടീം ഭൂമി അളന്ന് വൈദ്യുതി ബോർഡ് അധികൃതർക്ക് ഇതു സംബന്ധിച്ചുള്ള വിശദാംശം കൈമാറിയിട്ടുണ്ട്. ഇടുക്കി ഡാം, പവർഹൗസ് എന്നിവയുടെ മിനിയേച്ചർ രൂപകല്പന ചെയ്യുന്നതാണ് പദ്ധതി. ഇതോടനുബന്ധിച്ചു പാർക്കും വിഭാവനം ചെയ്യുന്നുണ്ട്. പവർഹൗസ് നേരിട്ടു കാണാൻ സന്ദർശകർക്കു നിരോധനം ഉള്ള സാഹചര്യത്തിലാണ് മോഡൽ ഒരുക്കുന്നത്.
ടൂറിസം കുതിക്കും
ഇതിന്റെ മോഡൽ നിർമിച്ചു പവർഹൗസിന്റെ പ്രവർത്തനം പൊതുജനങ്ങൾക്കു കാണാനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പഠനനിരീക്ഷണങ്ങൾക്കു പ്രയോജനപ്പെടുത്താനു മാണ് ലക്ഷ്യമിടുന്നത്. ആലോചനാ യോഗത്തിൽ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ ജില്ലാട്രഷറി, രജിസ്ട്രാർ ഓഫീസ് എന്നിവയ്ക്ക് ആവശ്യമായ ഭൂമി കണ്ടെത്താനുള്ള നിർദേശങ്ങളും യോഗത്തിൽ ചർച്ചയാകും. മിനിയേച്ചർ യാഥാർഥ്യമായാൽ പവർഹൗസ് കനാൽ, ത്രിവേണി സംഗമം, മലങ്കര ജലാശയ മേഖല എന്നിവ ഉൾപ്പെടുത്തി ടൂറിസം വികസനത്തിനു വലിയ സാധ്യതയുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടുതൽ പേരെത്തും
കാഞ്ഞാറിൽ മലങ്കര ജലാശയത്തിന്റെ സൗന്ദര്യം നുകർന്നു സഞ്ചാരികൾക്കു ഫോട്ടോ ഷൂട്ടിനുള്ള സൗകര്യം ഒരുക്കാനും ആലോചനയുണ്ട്. മൂലമറ്റം- കോട്ടമല റോഡ് പൂർത്തിയാകുന്നതോടെ കൂടുതൽ യാത്രക്കാരും സഞ്ചാരികളും ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എകെജി കോണ്ക്രീറ്റ് പാലത്തിന്റെ നിർമാണംകൂടി പൂർത്തിയായാൽ ഇലവീഴാപൂഞ്ചിറ, വാഗമണ് എന്നിവയെ ബന്ധിപ്പിച്ചുള്ള ടൂറിസത്തിനും പുതിയ മാനം കൈവരും.