ദേശീയപാതയിലെ നിര്‍മാണ പ്രതിസന്ധി; കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു
1596060
Wednesday, October 1, 2025 12:01 AM IST
അടിമാലി: ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം മേഖലയിലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം മേഖലയിലെ നിര്‍മാണ ജോലികള്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.
നിര്‍മാണ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു സർക്കാർ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ റോഡ് കടന്നുപോകുന്ന ഭാഗം വനമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കണമെന്നും വിഷയത്തില്‍ മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ് മൂലം തിരുത്തി നല്‍കണമെന്നുമാണ് ആവശ്യം. ഈ വശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ അടിമാലി ഇരുമ്പുപാലത്ത് ദേശീയപാത ഉപരോധിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി. ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷക സംഘടനാ ഭാരവാഹികളും സമരത്തില്‍ പങ്കെടുത്തു.