മിനി യൂണിവേഴ്സിറ്റി ഇപ്പോൾ മാലിന്യ സൂക്ഷിപ്പുകേന്ദ്രം!
1595782
Monday, September 29, 2025 11:40 PM IST
നെടുങ്കണ്ടം: എംജി യൂണിവേഴ്സിറ്റിയുടെ നെടുങ്കണ്ടത്തെ സാറ്റലൈറ്റ് സെന്റര്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. കേരളത്തില്‍ നിലവിലുള്ള ഏക സെന്ററാണിത്. കോവിഡിനു ശേഷം കേരളത്തിലെ പല സെന്ററുകളും അടച്ചുപൂട്ടിയിരുന്നു. ഹൈറേഞ്ചിലെ വിദ്യാര്‍ഥികളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് 2019 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്റര്‍ മിനി യൂണിവേഴ്സിറ്റി എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്.
സര്‍ട്ടിഫിക്കറ്റ് വിതരണം ഒഴികെ യൂണിവേഴ്സിറ്റിയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ ചെയ്യാന്‍ കഴിയുന്ന വിധമായിരുന്നു തുടക്കം. കാന്തല്ലൂര്‍, മറയൂര്‍, നെടുങ്കണ്ടം, കട്ടപ്പന, രാജാക്കാട്, ഇടുക്കി അടക്കമുള്ള വിവിധ മേഖലകളിലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഏറെ പ്രയോജനം ലഭിച്ചിരുന്നത്.
രജിസ്ട്രേഷന്, ഫീസ് അടയ്ക്കല്‍, സംശയനിവാരണം അടക്കമുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമായിരുന്നു. പ്രൈവറ്റ് രജിസ്ട്രേഷന് വഴി ഡിഗ്രി പരീക്ഷ എഴുതുന്നവര്‍ക്കു സഹായകരമാകുമെന്നതും സ്ഥാപനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു.
നിലച്ചത് വിദ്യാർഥികളുടെ ആശ്രയം
വിവിധ ആവശ്യങ്ങള്‍ക്കു യൂണിവേഴ്സിറ്റിയിൽ എത്തണമെങ്കിൽ ഹൈറേഞ്ചുകാര്‍ നൂറിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോട്ടയത്ത് എത്തണമായിരുന്നു. സെന്റര്‍ നെടുങ്കണ്ടത്തു പ്രവര്‍ത്തനം ആരംഭിച്ചതോടെ ദീര്‍ഘദൂര യാത്ര ഒഴിവാക്കാനായിരുന്നു.
സാറ്റലൈറ്റ് സെന്ററിനൊപ്പം ഷോർട്ട് ടേം ഡിപ്ലോമ കോഴ്സുകള്‍ ഇവിടെ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിജി ഡിപ്ലോമ കോഴ്സില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ, ബിസിനസ് അനലറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയും ഡിപ്ലോമ കോഴ്സില്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷന്‍ എന്നിവയും സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ബിസിനസ് ഡാറ്റാ അനാലിസിസ്, ടാലി, എംഎസ് എക്സല്‍ തുടങ്ങിയ കോഴ്സുകളും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു. ഈ കോഴ്സുകളുടെ ഓണ്‍ലൈന്‍ പരീക്ഷകളും ഇവിടെത്തന്നെയായിരുന്നു. മൂന്ന്, ആറുമാസ കോഴ്സുകള്‍ തുടങ്ങാനും പദ്ധതിയിട്ടിരുന്നു.
ജീവനക്കാരെ പിൻവലിച്ചു
നെടുങ്കണ്ടം ഗവ. യുപി സ്കൂളിനോടു ചേര്‍ന്ന് പഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഇപ്പോള്‍ ഓഫീസ് മുറി മാത്രമാണ് ഇവിടെയുള്ളത്. ഒരു മുറിയില്‍ ഹരിതകര്‍മസേന മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുകയാണ്. മറ്റ് മുറികള്‍ സ്കൂളിന്റെ കൈവശവുമാണ്.
തുടക്കത്തില്‍ സെക്ഷൻ ഓഫീസര്‍, മൂന്ന് അസിസ്റ്റന്റ് ഓഫീസര്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍ എന്നിവര്‍ ഉണ്ടായിരുന്നു. കാലക്രമേണ ഒരോരുത്തരെയായി പിന്‍വലിച്ചതോടെ നിലവില്‍ ഒരു ജീവനക്കാരന് മാത്രമായി. അതും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം.
പുതിയ ജീവനക്കാരെ നിയമിക്കാന്‍ യൂണിവേഴ്സിറ്റി തയാറാകുന്നില്ല. നവംബറില്‍ പഞ്ചായത്തുമായുള്ള അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിക്കാനിരിക്കേ ഈ സ്ഥാപനം അടച്ചുപൂട്ടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.