കായികമേള നടത്തിപ്പിൽ ആശങ്ക
1595516
Monday, September 29, 2025 12:06 AM IST
തൊടുപുഴ: കായിക മേഖലയോട് അധികൃതർ കാട്ടുന്ന കടുത്ത അവഗണന ഇത്തവണ സ്കൂൾ കായികമേളകളുടെ പൊലിമ കുറയ്ക്കുമെന്ന് ആശങ്ക. ജില്ലയിൽ കൂടുതൽ സ്കൂളുകളിലും കായികാധ്യാപകർ ഇല്ലാത്തതിനാൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകാനും മേളകളിൽ പങ്കെടുപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്. സ്കൂൾ ഒളിന്പിക്സ് എന്ന് കായിക മേളകളുടെ പേര് പരിഷ്കരിച്ചെങ്കിലും സ്കൂളുകൾക്കും താരങ്ങൾക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാത്രം യാതൊരു പരിഷ്കരണവുമില്ലെന്ന് കായികാധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
മുൻകാലങ്ങളിൽ ജില്ലയിൽനിന്ന് ഒട്ടേറെ കായികതാരങ്ങൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഒളിന്പ്യൻമാരായ ഷൈനി വിത്സൻ, കെ.എം. ബീനമോൾ, കെ.എം. ബിനു, പ്രീജ ശ്രീധരൻ ഉൾപ്പെടെയുള്ള താരങ്ങൾ ജില്ല ഉയർത്തിയവരാണ്. എന്നാൽ ഇപ്പോൾ അടിസ്ഥാനപരമായ കാര്യങ്ങൾക്കുപോലും സർക്കാർ സഹായമില്ലാത്തതിനാൽ പ്രതിഭയുള്ള കുട്ടികൾ പോലും കായികമേഖലയോട് വിടപറയുന്ന അവസ്ഥയാണ്. കുട്ടികൾക്ക് ഗ്രൗണ്ടുകളിൽ പരിശീലനം നൽകാൻ പോലും പല സ്കൂളുകളിലും ആളില്ലാത്ത അവസ്ഥയാണ്. കായികാധ്യാപകരുടെ കുറവ് ഇത്തവണ മേളകളുടെ നടത്തിപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലകളിലായി 250ഓളം സ്കൂളുകളാണുള്ളത്. ഇവിടെ കുട്ടികൾക്ക് കായികപരിശിലനം നൽകാനായി ആകെയുള്ളത് 60ൽ താഴെ അധ്യാപകർ മാത്രം. എയ്ഡഡ് സ്കൂളുകളിൽ 40 പേരും സർക്കാർ സ്കൂളുകളിൽ 12 പേരുമാണ് കായികാധ്യാപകരായി സേവനമനുഷ്ഠിക്കുന്നത്. ഇവർ യുപിതലം മുതൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതോടൊപ്പം ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങളുടെ ഒഫിഷ്യൽസ് ആയി പോകുകയും വേണം. കായികമേളകളുടെ പൂർണ നടത്തിപ്പ് ചുമതല കായികാധ്യാപകർക്കാണ്.
ആറു പതിറ്റാണ്ടു മുന്പുള്ള കെഇആർ മാനദണ്ഡമനുസരിച്ചാണ് സ്കൂളുകളിൽ കായികാധ്യാപകരെ നിയമിച്ചുവന്നത്. യുപി സ്കൂളിൽ 500 കുട്ടികൾക്ക് ഒരാൾ, ഹൈസ്കൂളിൽ എട്ട്, ഒൻപത് ക്ലാസുകളിലായി 45 കുട്ടികളുള്ള അഞ്ച് ഡിവിഷനുകൾക്ക് ഒരാൾ എന്ന നിലയിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഈ മാനദണ്ഡം മൂലം കൂടുതൽ യുപി സ്കൂളുകളിലും കായികാധ്യാപകരില്ല. ഹൈസ്കൂളുകളിലും കായികാധ്യാപകരുടെ എണ്ണത്തിൽ കുറവുണ്ട്. കുട്ടികൾ കുറവായതിനാൽ സ്പെഷലിസ്റ്റ് വിഭാഗത്തിൽ പെടുന്ന കായികാധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു.
2015-നു മുന്പ് ജോലിക്ക് കയറിയവർക്കു മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. പല അധ്യാപകരുടെയും എപ്പോൾ വേണമെങ്കിലും നഷ്ടമാകുമെന്ന അവസ്ഥയിലാണ്. ഇതിനു പുറമേ ചിലർക്ക് ശന്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
ഹൈസ്കൂൾ തലത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് യുപി അധ്യാപകർക്ക് തുല്യമായ ശന്പളമാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്. കായികാധ്യാപകർ ജോലിയിൽനിന്നു വിരമിച്ചാൽ പുതിയ നിയമനം നടത്താത്തതിനാൽ ആ തസ്തിക ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
ഇതിനിടെ യുപിയിൽ അധ്യാപക - വിദ്യാർഥി അനുപാതം 1-500 എന്നത് 1-300 എന്ന അനുപാതമാക്കി പുനഃക്രമീകരിച്ച് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
നടപ്പു വർഷമാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. യുപി വിഭാഗത്തിൽ 1-300 എന്ന അനുപാതം കണക്കാക്കുന്പോൾ തസ്തിക നഷ്ടപ്പെടുന്നവരെ സ്കൂളിലെ എൽപി വിഭാഗം കൂടി ക്ലബ് ചെയ്ത് സംരക്ഷിക്കാനും നിർദേശമുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകൾ ചേർത്ത് അഞ്ചു ഡിവിഷനായി പരിഗണിച്ച് തസ്തിക സംരക്ഷിക്കാനും നിർദേശമുണ്ട്.
എന്നാൽ സ്കൂൾ കായിക മേളകൾ നടക്കുന്നതിനു മുന്നോടിയായി കായികാധ്യാപകരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് കായികാധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉത്തരവിലൂടെ ഈ വർഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്ക് മാത്രമാണ് പ്രയോജനം ലഭിക്കുക. നേരത്തേ വിദ്യാർഥികളുടെ എണ്ണത്തിലുള്ള കുറവു മൂലം ജോലി നഷ്ടമായ അധ്യാപകർക്ക് വീണ്ടും ജോലി ലഭിക്കാനുള്ള സാധ്യതയില്ല. അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം നടത്താൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
കായികാധ്യാപകരുടെ പ്രതിഷേധവും കായികമേളകൾ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു ഉത്തരവ് തിടുക്കത്തിൽ പുറത്തിറക്കിയത്. ഈ വർഷം മാത്രം ഉത്തരവ് ബാധകമാക്കിയതിനാൽ അടുത്ത വർഷം കായികാധ്യാപകർ വീണ്ടും സമരരംഗത്തിറങ്ങേണ്ടി വരും.
അധ്യാപകരില്ലാത്തതിനാൽ കായികരംഗത്തോട് താത്പര്യമുള്ള കുട്ടികൾക്കു പോലും പരിശീലനം നൽകാനാവാത്ത അവസ്ഥയാണെന്ന് പല സ്കൂൾ അധികൃതരും പറയുന്നു.
കുട്ടികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സർവീസിൽനിന്നു വിരമിച്ച അധ്യാപകരും മറ്റും ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. കൃത്യമായ പരിശീലനത്തിന്റെ അഭാവം കായികമേളകളിൽ കുട്ടികളുടെ പ്രകടനത്തെയും ബാധിക്കും.
ഗെയിംസ് മത്സരത്തിൽ കല്ലുകടി
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉപജില്ലാതല ഗെയിംസ് മത്സരങ്ങളും അധ്യാപകരുടെ പ്രതിഷേധത്തിനിടയാക്കി. ജില്ലാതല മത്സരങ്ങൾക്ക് മുന്നോടിയായാണ് ഉപജില്ലാതല മത്സരങ്ങൾ നടക്കുന്നത്. എന്നാൽ വിവിധ ഗെയിംസ് ഇനങ്ങൾ പല സ്കൂളുകളിലായി ഒരു ദിവസം തന്നെ നടത്തിയതാണ് അധ്യാപകരുടെ പ്രതിഷേധത്തിനിടയാക്കിയത്.
തൊടുപുഴ സബ് ജില്ലാതല മത്സരങ്ങൾ ഒരേസമയംതന്നെ കരിങ്കുന്നം, മുതലക്കോടം സ്കൂളുകളിൽ നടത്തിയിരുന്നു. കായികാധ്യാപകർ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ട സ്ഥിതിയായിരുന്നു.
സമയക്കുറവു മൂലം മത്സരങ്ങൾ വേഗത്തിൽ തീർക്കാനാണ് ഇത്തരത്തിൽ നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മത്സരങ്ങൾ ദിവസങ്ങൾക്കു മുന്പുതന്നെ ആരംഭിക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടിയെന്നാണ് കായികാധ്യാപകർ പറയുന്നത്.