കോവിൽമല രാജാവ് നൽകിയ തേൻ രുചിച്ച് സുരേഷ് ഗോപി
1596066
Wednesday, October 1, 2025 12:02 AM IST
മൂലമറ്റം: കലുങ്ക് സൗഹൃദസംഗമം വേറിട്ട അനുഭവമായി. മൂലമറ്റം ഗണപതി ക്ഷേത്ര മൈതാനിയിൽ നടന്ന സംഗമം കേന്ദ്ര മന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. അറക്കുളം, ഏലപ്പാറ, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളെ കൂട്ടിച്ചേർത്തുള്ള ടൂറിസം സർക്യൂട്ടിന്റെ സാധ്യതകൾ യോഗം ചർച്ച ചെയ്തു.
ലഭിച്ച നിർദേശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രദർശനം നടത്തിയ ശേഷം സംഗമത്തിനെത്തിയ മന്ത്രിയെ പഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ സ്വീകരിച്ചു. കോവിൽമല രാജാവ് രാജമന്നാൻ, വിവിധ ഉന്നതികളിലെ ഉൗരുമൂപ്പൻമാർ, സാമുദായിക നേതാക്കൾ എന്നിവരെ പൊന്നാട അണിയിച്ച് മന്ത്രി തന്നോടൊപ്പം ഇരുത്തിയാണ് സഭ ആരംഭിച്ചത്. കോവിൽമല രാജാവ് നൽകിയ തേൻ രുചിച്ചുനോക്കിയും ഭിന്നശേഷിക്കാരിയായ സ്ത്രീ നൽകിയ മൂട്ടിപ്പഴം കഴിച്ചും അവരുമായി സന്തോഷം പങ്കുവച്ചു. ഉന്നയിച്ച പരാതികളും നിർദേശങ്ങളും ശ്രദ്ധയോടെ ശ്രവിച്ച മന്ത്രി മറുപടിയും നൽകി.