വോട്ട്ചോരി വിവാദം: പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
1596054
Wednesday, October 1, 2025 12:01 AM IST
തൊടുപുഴ: തൃശൂരിലെ വോട്ട് ചോരി വിവാദത്തിൽ യുഡിഎഫിനെയും എൽഡിഎഫിനെയും മാധ്യമങ്ങളെയും പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു.
ശവങ്ങളെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് പലരും. അവരെ ജനം ഇപ്പോൾ വഹിക്കുകയാണ്. മൂലമറ്റത്ത് നടന്ന കലുങ്ക് സൗഹൃദ സംഗമ വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തേ കേരളത്തിന് അനുവദിക്കാനിരിക്കുന്ന എയിംസ് ആലപ്പുഴയിൽ വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ ആലപ്പുഴയുടെ പേരില്ലാത്ത സ്ഥിതിക്ക് അത് തൃശൂരിന് അവകാശപ്പെട്ടതാണ്. തമിഴ്നാട്ടിൽ കൊണ്ടുപോകാൻ താൻ പറഞ്ഞുവെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഫ്യൂഡൽ പരാമർശവും അദ്ദേഹം നടത്തി. ജനപ്രതിനിധി എന്ന നിലയിൽ താൻ കടപ്പെട്ടിരിക്കുന്നത് പ്രജകളോട് മാത്രമാണ്. രാജ്യസഭ എംപിയായപ്പോൾ മുതൽ ശന്പളം എടുത്തിട്ടില്ല. അതുമുഴുവൻ ജനങ്ങളുടെ കഞ്ഞിപ്പാത്രത്തിലേക്കാണ് പോയിട്ടുള്ളതെന്നായിരുന്നു പരാമർശം. ബ്രാഹ്മണ ഫ്യൂഡൽ പരാമർശങ്ങളുടെ പേരിൽ സുരേഷ് ഗോപി നേരത്തേ വിമർശിക്കപ്പെട്ടിരുന്നു. ഇതിനിടെ പ്രജ എന്നത് മോഹൻലാൽ സിനിമ അല്ലേ എന്ന പരിഹാസ പോസ്റ്റുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.