ശാന്തത ഇല്ലാതെ ശാന്തൻപാറ
1596053
Wednesday, October 1, 2025 12:01 AM IST
പൂപ്പാറ: ശാന്തന്‍പാറ, പൂപ്പാറ മേഖലകളില്‍ അനധികൃത നിര്‍മാണം സജീവമെന്ന് പരാതി. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ മലനിരകള്‍ ഇടിച്ചു നിരത്തിയാണ് അനധികൃത നിര്‍മാണം തകൃതിയായിരിക്കുന്നത്. പൂപ്പാറയ്ക്കു സമീപം ശങ്കരപാണ്ടിമെട്ടില്‍ ചെങ്കുത്തായ മല ഇടിച്ചു നിരത്തി റോഡ് നിര്‍മിച്ചെന്നാണ് പരാതി.
പഞ്ചായത്തില്‍നിന്നോ വില്ലേജില്നിന്നോ ഒരുവിധ അനുമതിയും ഇല്ലാതെയാണ് ശാന്തമ്പാറ പഞ്ചായത്തിലെ ശങ്കരപാണ്ടി മെട്ടിൽ ചെങ്കുത്തായ മല ഇടിച്ചു റോഡ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. മലയ്ക്കു ചുറ്റും ഇത്തരത്തില്‍ റോഡ് നിര്‍മിച്ചു കഴിഞ്ഞു.
മണ്ണിടിച്ചിൽ ഭീതി
ശക്തമായ മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് വഴിയൊരുക്കുന്ന തരത്തിലാണ് അനധികൃത നിര്‍മാണം നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചൊക്രമുടി കൈയേറ്റത്തില്‍ ഉള്പ്പെട്ടവര്തന്നെയാണ് ഇവിടുത്തെ അനധികൃത നിര്‍മാണത്തിനും പിന്നിലെന്നാണ് സൂചന.
നിര്‍മാണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.
മലനിരകളിലെ ഭൂമി വാങ്ങിയശേഷം പലര്‍ക്കായി അഞ്ചു സെന്റും പത്തു സെന്റുമായി മുറിച്ചു വില്‍ക്കും. ഇവിടെ വീടു വയ്ക്കുന്നതിന് അനുമതി വാങ്ങിയ ശേഷം വന്‍കിട റിസോര്‍ട്ടുകള്‍ നിർമിക്കുകയാണ് ചെയ്യുന്നത്.
സര്‍ക്കാര്‍ സംവിധാനത്തെ പോലും നോക്കുകുത്തിയാക്കിയാണ് മലയോരത്തെ ഈ അനധികൃത നിർമാണം പൊടിപൊടിക്കുന്നത്.