ശബരിമല ഉത്സവത്തിന് വിപുലമായ മുന്നൊരുക്കം
1596064
Wednesday, October 1, 2025 12:02 AM IST
ഇടുക്കി: ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സ്ഥിരം അപകടമേഖലയായ വളഞ്ഞങ്ങാനം സന്ദർശിച്ച് അപകട കാരണം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ ദേശീയപാത അഥോറിറ്റി, പൊതുമരാമത്ത് റോഡ് വിഭാഗം, പോലീസ്, ആർടിഒ, ഫയർ ആന്‍ഡ് റസ്ക്യു എന്നീ വകുപ്പുകൾക്ക് നിർദേശം നൽകി.
തീർഥാടകർക്ക് വിശ്രമ കേന്ദ്രങ്ങൾ, വാഹനപാർക്കിംഗ് എന്നിവ ഒരുക്കുന്നതിന് സ്ഥലസൗകര്യം സംബന്ധിച്ച വിവരങ്ങൾ നൽകാനും നിർദേശം നൽകി. ശുദ്ധജല ലഭ്യത, ടോയ്ലറ്റ് സംവിധാനങ്ങൾ, വെയ്സ്റ്റ് ബിന്നുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്തുകൾ ഉറപ്പുവരുത്തണം.
വണ്ടിപ്പെരിയാർ, കുമളി, ഏലപ്പാറ, പെരുവന്താനം, പീരുമേട്, കരുണാപുരം, കാഞ്ചിയാർ പഞ്ചായത്തുകളിൽ പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കും.
കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ ട്രാഫിക് പോലീസിനെ വിന്യസിക്കും. തിരക്ക് കൂടുന്പോൾ വണ്‍വേ സംവിധാനം ഏർപ്പെടുത്തും.
ദീർഘനേരം ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും. കാനനപാത വൃത്തിയാക്കുന്ന പ്രവൃത്തികൾ നടത്താനും മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വനംവകുപ്പിന് നിർദേശം നൽകി. സ്പോട്ട് ബുക്കിംഗ് നടത്തി പാസ് അനുവദിക്കാൻ ദേവസ്വം ബോർഡിന് അനുമതി നൽകി. റോഡുകളുടെ അറ്റകുറ്റപ്പണികൾ മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപായി പൂർത്തികരിക്കണമെന്നും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ റിഫ്ളക്ടറുകൾ, റെഡ് ലൈറ്റുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാനും ദേശിയപാത അഥോറിറ്റിക്ക് നിർദേശം നൽകി.
മുട്ടം മുതൽ കള്ളിപ്പാറ വരെയുള്ള ഭാഗത്ത് റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദേശം നൽകി. മകരവിളക്കിനോട് അനുബന്ധിച്ച് ഉപ്പുതറ മുതൽ കോഴിക്കാനം വരെ 15 പോയിന്റുകളിലും പാഞ്ചാലിമേട്, പരുന്തുംപാറ, മ്ലാപ്പാറ എന്നിവിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ വാട്ടർ അഥോറിറ്റിയോട് നിർദേശിച്ചു.
കുട്ടിക്കാനം കേന്ദ്രീകരിച്ച് സെയ്ഫ് സോണ്‍ പ്രോജക്ട്, ആക്സിഡന്റ് റിപ്പയർ അസിസ്റ്റന്‍സ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ഭക്ഷ്യസാധനങ്ങളുടെ അളവ് തൂക്കം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ പരിശോധിക്കുന്നതിന് സ്ക്വാഡ് രൂപീകരിക്കും.
തീർഥാടന പാതയിലും ഇടത്താവളങ്ങളിലും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കുമളിയിൽ ഫെസിലിറ്റി സെന്റർ ആരംഭിച്ച് ആവശ്യാനുസരണം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.