ഉടുന്പന്നൂരിലെ മോഷണപരന്പര: കൗമാരക്കാരൻ പിടിയിൽ
1595785
Monday, September 29, 2025 11:40 PM IST
തൊടുപുഴ: ഉടുന്പന്നൂർ ടൗണിലെ കടകളിൽ മോഷണം നടത്തിയ കൗമാരക്കാരൻ പോലീസിന്റെ പിടിയിൽ. ആറോളം മോഷണം നടത്തിയ 16 കാരനെയാണ് ഇന്നലെ കരിമണ്ണൂർ സിഐ വി.സി. വിഷ്ണു കുമാറും സംഘവും പിടികൂടിയത്.
ഏതാനും ദിവസങ്ങളായി ഉടുന്പന്നൂർ ടൗണിൽ നടക്കുന്ന മോഷണങ്ങൾ പോലീസിനു തലവേദന സൃഷ്ടിച്ചിരുന്നു.
ഉടുന്പന്നൂർ ടൗണിലെ കാരക്കുന്നേൽ ഷിജോയുടെ പലചരക്ക് പച്ചക്കറി കടയിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്.
ഉടുന്പന്നൂരിലെ തന്നെ രണ്ടു കടകളിൽ കഴിഞ്ഞ ചൊവ്വാഴ്ച മോഷണം നടന്നിരുന്നു. പനച്ചിക്കൽ ഹംസ, കാവാട്ട് അഷറഫ് എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. പറന്പുകാട്ട് ഷാജിയുടെ കടയിലും അടുത്ത നാളിൽ മോഷണം നടന്നിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടി മോഷ്ടാവിനെ പോലീസ് പിടി കൂടിയത്. മോഷണം വ്യാപകമായതോടെ വ്യാപാരികളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധം നടത്താനിരിക്കെയാണ് ഇന്നലെ മോഷ്ടാവ് കരിമണ്ണൂർ പോലീസിന്റെ പിടിയിലായത്.
ടൗണിലെ മോഷണങ്ങളെല്ലാം നടത്തിയത് പിടിയിലായ കൗമാരക്കാരനാണെന്ന് സിഐ പറഞ്ഞു.
പ്രതി കൗമാരക്കാരനും വിദ്യാർഥിയുമായതിനാൽ ഇന്നലെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചതായും ഇന്ന് ജൂവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.