ഭൂഭേദഗതി ചട്ടം ജില്ലയുടെ വികസനത്തിന് കരുത്തേകും: ജോസ് പാലത്തിനാൽ
1596057
Wednesday, October 1, 2025 12:01 AM IST
നെടുംകണ്ടം: ഭൂപതിവു ഭേദഗതി ചട്ടം രൂപീകരിച്ചതിലൂടെ നിലവിൽ ഉള്ള നിർമാണങ്ങൾ ക്രമവത്കരിക്കുകയും പുതിയ നിർമാണ പ്രവർത്തങ്ങൾക്ക് അനുമതി നൽകുകയും ചെയ്യുന്നതോടെ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. പാർട്ടി നെടുംകണ്ടം മണ്ഡലം സമ്മേളനം എഴുകുംവയലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് എമ്മിന്റെ ശക്തമായ ഇടപെടലുകൾ ഇതനു പിന്നിലുണ്ട്. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും ഇടുക്കിയുടെ ചുമതല ഉള്ള മന്ത്രി റോഷി അഗസ്റ്റിനും ഭൂപതിവു നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും റവന്യു മന്ത്രിയുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു.
ചട്ട ഭേദഗതിയുടെ മേന്മ കുറച്ച് കാണിക്കുന്നതിന് യുഡിഎഫിന്റെ നേതൃത്വം പാഴ്ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചട്ടം പൂർണമായും വായിക്കാതെ വീടുകൾ ക്രമവത്കരിക്കണമെന്ന വ്യാജ പ്രചാരണം നടത്തിയവർ പിന്മാറുന്ന ചിത്രമാണ് ഇപ്പോൾ കാണുന്നത്. 2016 വരെ നിർമാണപ്രവർത്തങ്ങൾക്ക് യാതൊരു തടസവുമില്ലാതിരുന്ന ഇടുക്കിയിൽ നൽകിയിരുന്ന പട്ടയങ്ങളെ കോടതി വ്യവഹാരങ്ങളിൽ എത്തിച്ച് നിയമഭേദഗതിക്ക് നിർബന്ധിതമാക്കുകയും ചെയ്തത് കോൺഗ്രസ് നേതൃത്വമാണ് .
1993ൽ 10000 കർഷകർക്ക് പട്ടയം നല്കാൻ വേണ്ടി മഹാ പട്ടയമേള നെടുങ്കണ്ടത്ത് സംഘടിപ്പിച്ചപ്പോൾ അട്ടിമറിച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയാണ്. കേരള കോൺഗ്രസ്-എം എംഎൽഎമാർ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് പട്ടയവിതരണം യാഥാർഥ്യമാക്കാൻ കഴിഞ്ഞതെന്നും പാലത്തിനാൽ പറഞ്ഞു.
സമ്മേളനത്തിൽ ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മറ്റ് വിവിധമേഖലകളിലും കഴിവ് തെളിയിച്ചവരെ ആദരിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജി എം. ഊരോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി, സാബു മണിമലക്കുന്നേൽ, പ്രീമി ലാലിച്ചൻ, ജിൻസൺ പൗവത്ത്, സിജോ നടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.