യുഡിഎഫ് അധികാരത്തില്‍ വരുന്പോൾ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കും: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1596056
Wednesday, October 1, 2025 12:01 AM IST
ചെറുതോണി: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുന്പോൾ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. ചെറുതോണിയില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകമാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ചട്ട ഭേദഗതി ഇടുക്കിയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ്. 2023 ല്‍ ഭൂനിയമ ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ 1964ലെയും 1993ലെയും ചട്ടപ്രകാരം ലഭിച്ചിട്ടുള്ള പട്ടയ ഭൂമിയിലെ നിര്‍മിതികള്‍ നിബന്ധനകള്‍ ഇല്ലാതെ മുന്‍കാല പ്രാബല്യത്തോടെ ക്രമവത്കരിക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ ഭേദഗതി നിർദേശിച്ചതാണ്.
ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്നാണ് അന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും പറഞ്ഞത്.
പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ പട്ടയഭൂമി കൃഷിഭൂമി മാത്രമായി മാറും. ഇവിടെ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടനിര്‍മാണം അസാധ്യമാകും.
കാലങ്ങളായി നിയമാനുസൃതം നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ളതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും എംപി പറഞ്ഞു.
ജില്ലാ പ്രസിഡന്റ്് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്ക് അനുകൂലമായി ഭൂപ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ അഡ്വ. തോമസ് പെരുമന, ഷീലാ സ്റ്റീഫന്‍, നോബിള്‍ ജോസഫ്, വി.എ. ഉലഹന്നാന്, ഷൈനി സജി, എം. മോനിച്ചന്, വര്‍ഗീസ് വെട്ടിയാങ്കല്‍, ഫിലിപ്പ് ജി. മലയാറ്റ്, ബ്ലെയിസ് ജി. വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.