അവധിദിനങ്ങളിലേക്കു കട്ടപ്പനയെ വിളിച്ചുണർത്തിയത് വൻ ദുരന്തം
1596351
Thursday, October 2, 2025 11:55 PM IST
കട്ടപ്പന: അവധി ദിനാഘോഷങ്ങൾക്കായി കാത്തിരുന്ന കട്ടപ്പനയെ ഞെട്ടിച്ചത് മൂന്നു ജീവനുകൾ നഷ്ടമായ ദുരന്തം. ചൊവ്വാഴ്ച വൈകിട്ട് പാറക്കടവ് റോഡിലെ പഴയ ഓറഞ്ച് ഹോട്ടലിനോടു ചേർന്നുള്ള മാലിന്യടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചതിന്റെ ഞെട്ടിലിൽനിന്നു കട്ടപ്പന ഇനിയും മുക്തമായില്ല.
ടാങ്കിനുള്ളിലെ വിഷവാതകമെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി 10നാണ് അപകടം. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ കമ്പോസ്റ്റ് സ്ട്രീറ്റ് സ്വദേശി മൈക്കിള്‍ (23), കീഴെ ഗൂഡല്ലൂര്‍ പട്ടാളമ്മന്‍കോവില്‍ സ്ട്രീറ്റിലെ സുന്ദര പാണ്ഡ്യന് (37), കമ്പം കണ്ണന് വിവേകാനന്ദന് സ്ട്രീറ്റിലെ ജയരാമന് (48) എന്നിവരാണ് മരിച്ചത്.
ടാങ്ക് വൃത്തിയാക്കാനായി ജയരാമനാണ് കോൺട്രാക്ട് എടുത്തിരുന്നത്. മൈക്കിളാണ് ഹോളിനുള്ളിൽ ആദ്യം ഇറങ്ങിയത്. ഇയാളുടെ പ്രതികരണം ഇല്ലാതായതോടെയാണ് ബാക്കി രണ്ടുപേരും ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. എന്നാൽ, മൂവരും ടാങ്കിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഹോട്ടലിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നാളുകളായി മാലിന്യടാങ്ക് അടഞ്ഞു കിടക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് ടാങ്കിനുള്ളിൽ വിഷവാതകം നിറഞ്ഞതെന്നാണ് കരുതുന്നത്.
മുമ്പും ഇവർ വിവിധ ഇടങ്ങളിൽ ടാങ്ക് വൃത്തിയാക്കി പരിചയമുള്ളവരാണെന്നാണ് വിവരം. സംഘത്തിൽ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. കൂടെ വന്ന മൂന്നു പേരെ നഷ്ടമായ സഹപ്രവർത്തകരുടെ സങ്കടം കണ്ടുനിന്നവരുടെയും കണ്ണുനനച്ചു.
നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പ്രവർത്തകരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടറോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചു.
കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി
കട്ടപ്പന: കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടത്തിന്റെ റിപ്പോർട്ട് കളക്ടര്‍ സര്‍ക്കാരിനു കൈമാറി. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്കാന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കട്ടപ്പന നഗരസഭാ സെക്രട്ടറിക്കും തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. നിര്‍മാണത്തില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിച്ചു പോലീസിനോടു റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകും.
ധനസഹായം നൽകണം:
ഡീൻ കുര്യാക്കോസ്
മാലിന്യ ടാങ്കിൽ അകപ്പെട്ട് മരിച്ചരുടെ കുടുംബങ്ങൾക്കു ധനസഹായം നൽകണമെന്നു ഡീൻ കുര്യാക്കോസ് എംപി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭ അന്വേഷണം നടത്തും
മാലിന്യ ടാങ്ക് അപകടത്തിൽ മൂന്നു പേർ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു നഗരസഭാ ചെയർപേഴ്സൺ ബീന ടോമി അറിയിച്ചു. ഹോട്ടലിൽ നിർമാണ പ്രവർത്തനം നടത്തുന്ന വിവരം നഗരസഭ അറിഞ്ഞിരുന്നില്ല. കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിച്ചോയെന്നു പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
വീഴ്ച പരിശോധിക്കണം: സിപിഎം
കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടോ എന്ന പരിശോധിക്കണം. വീഴ്ചയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് ആവശ്യപ്പെട്ടു.