ഗാന്ധി ജയന്തി: ജില്ലയിൽ വിപുലമായ പരിപാടികൾ
1596065
Wednesday, October 1, 2025 12:02 AM IST
ഇടുക്കി: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
നാളെ രാവിലെ 8.30ന് സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധിപ്രതിമയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ പുഷ്പാർച്ചന നടത്തും. എഡിഎം ഷൈജു പി. ജേക്കബ്, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, ടി.ഇ. നൗഷാദ്, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
രണ്ടുമുതൽ എട്ടുവരെ തീയതികളിൽ സ്കൂളുകളിൽ റാലി, ക്വിസ് മത്സരം, സ്കിറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഹരിതകർമ സേനയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിക്കും. ശുചിത്വ റാലി, പ്രതിജ്ഞ, മത്സരങ്ങൾ എന്നിവ നടത്തും.